ദുബൈ: 18ാമത് ദുബൈ അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ച് ദുബൈ മുനിസിപ്പാലിറ്റി. ‘ഭക്ഷ്യസുരക്ഷയുടെ ഭാവിയിലേക്കുള്ള ദീർഘവീക്ഷണം’ എന്ന തലക്കെട്ടിൽ ഒക്ടോബർ 21 മുതൽ 23 വരെ തീയതികളിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് (ഡി.ബ്ല്യുടി.സി) സമ്മേളനം.
ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ (എഫ്.എ.ക്യു), ഇന്റർനാഷനൽ അസോസിയേഷൻ ഫോർ ഫുഡ് പ്രൊട്ടക്ഷൻ (ഐ.എ.എഫ്.പി), നാഷനൽ എൻവയേൺമെന്റൽ ഹെൽത്ത് അസോസിയേഷൻ (എൻ.ഇ.എച്ച്.എ) എന്നിവയുടെ സഹകരണത്തോടെയാണ് ദുബൈ മുനിസിപ്പാലിറ്റി അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഭക്ഷ്യ മേഖലയിൽനിന്നുള്ള സ്പെഷലിസ്റ്റുകൾ, അക്കാദമിക് വിഗദ്ധർ, ശാസ്ത്രീയ ഗവേഷകർ എന്നിവരെ കൂടാതെ പ്രാദേശിക, ആഗോള സംഘടനകളും സമ്മേളനത്തിൽ പങ്കെടുക്കും.
ഭക്ഷ്യ സുരക്ഷ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പുതിയ പ്രവണതകൾ, നൂതന നയങ്ങൾ, സാങ്കേതിക വിദ്യകൾ, പ്രവചന രീതികൾ എന്നിവയെ കുറിച്ച് സമ്മേളനം ചർച്ച ചെയ്യും. കൂടാതെ ഭക്ഷ്യസുരക്ഷ മേഖലയിലെ പ്രഫഷനലുകൾ, ഗവേഷക സ്ഥാപനങ്ങൾ എന്നിവക്ക് പുത്തൻ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനുള്ള മികച്ച വേദി കൂടിയായിരിക്കും സമ്മേളനം.
ഭക്ഷ്യസുരക്ഷ, സുസ്ഥിരത, പോഷകാഹാരം തുടങ്ങിയ മേഖലകളിൽനിന്നുള്ള രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന സർക്കാർ, നിയമ നിർമാണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, സ്വകാര്യ മേഖലയിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന വിവിധ ചർച്ചകൾക്കും സമ്മേളനം വേദിയാകും. സമ്മേളനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വ്യക്തികൾക്ക് foodsafetydubai.com/registration എന്ന് വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാമെന്ന് ദുബൈ മുനിസിപ്പാലിറ്റിയുടെ ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് ഡയറക്ടറും സംഘാടക കമ്മിറ്റി ചെയർമാനുമായ സുൽത്താൽ അൽ താഹിർ പറഞ്ഞു. ഏതാണ്ട് 2,000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.