യു.എ.ഇയുടെ ആകാശം ഇന്ന്​ ശാന്തം; ഇറാനിൽ നിന്ന്​ ആക്രമണങ്ങളില്ല

ദുബൈ: യു.എസും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതിന്​ പിന്നാലെ ഇറാനിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള ആക്രമണങ്ങൾ അവസാനിച്ചു. വ്യാഴാഴ്ച രാജ്യത്തിന്‍റെ വ്യോമമേഖലയിൽ ഭീഷണികളൊന്നും കണ്ടെത്തിയിട്ടില്ലെന്ന്​ യു.എ.ഇ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്​തമാക്കി.

ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം ആകെ 537 ബാലിസ്റ്റിക് മിസൈലുകൾ, 26 ക്രൂസ് മിസൈലുകൾ, 2256 ഡ്രോണുകൾ എന്നിവ തടഞ്ഞതായി അധികൃതർ വ്യക്തമാക്കി. രാജ്യത്ത്​ മൂന്ന്​ സൈനികരടക്കം 13പേരാണ്​ കൊല്ലപ്പെട്ടത്​. വിവിധ സംഭവങ്ങളിലായി മൊത്തം പരിക്കേറ്റവരുടെ എണ്ണം 224 ആണ്​.

ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലുള്ള പൗരന്മാർ പരിക്കേറ്റവരിൽ ഉൾപ്പെടും.രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും എല്ലാ തരത്തിലുള്ള ഭീഷണികൾക്കും ശക്തമായ മറുപടി നൽകാനും യു.എ.ഇ പ്രതിരോധ മന്ത്രാലയം സർവസജ്ജമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.രാജ്യത്ത്​ ആകെ പരിക്കേറ്റവരുടെ എണ്ണം 224


പതാക ഉയർത്താൻ ആഹ്വാനം ചെയ്ത്​ ശൈഖ്​ മുഹമ്മദ്​

ദുബൈ: പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യം പ്രകടിപ്പിച്ച അചഞ്ചലമായ ​ദേശീയ ഐക്യത്തെ ഉയർത്തിക്കാണിക്കുന്നതിനായി രാജ്യവ്യാപകമായി ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത്​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. സമീപകാല സംഭവ വികാസങ്ങളിലേക്ക്​ രാജ്യം ​പ്രവേശിച്ചതോടെ സമൂഹങ്ങൾ തമ്മിലുള്ള ഐക്യവും യോജിപ്പും വിശ്വസ്തതയും കൂടുതൽ കരുത്താർജിച്ചതായി കാണാനാവും. ഇവിടത്തെ പൗരൻമാരും താമസക്കാരും ഒരു പോലെ ദേശീയ പതാകക്ക്​ കീഴിൽ ഒരുമിച്ചു നിൽക്കുന്നുണ്ടെന്നും ശൈഖ്​ മുഹമ്മദ്​ എക്സിലെ കുറിപ്പിൽ വ്യക്​തമാക്കി.

യു.എ.ഇ പതാക കരുത്തിന്‍റെയും അഭിമാനത്തിന്‍റെയും ​പ്രതീകമാണ്​. ഈ ഐക്യം ഉയർത്തിക്കാണിക്കാൻ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ദേശീയ പതാക ഉയർത്തണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ‘നമ്മുടെ രാജ്യത്തെ കുറിച്ചും നമ്മുടെ പ്രസിഡന്‍റിനെ കുറിച്ചും സായുധ സേനയെ കുറിച്ചും സാമ്പത്തിക കരുത്തിനെ കുറിച്ചും രാജ്യത്തെ പൗരൻമാരും താമസക്കാരുമായ എല്ലാ വിഭാഗം ജനങ്ങളേയും കുറിച്ച്​ നമുക്ക്​ അഭിമാനിക്കാം’- ശൈഖ്​ മുഹമ്മദ്​ കൂട്ടിച്ചേർത്തു. 

Tags:    
News Summary - UAE skies remain calm today; no attacks from Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-25 02:06 GMT