അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഇമ്മാനുവൽ മാക്രോൺ, റജബ് ത്വയ്യിബ് ഉർദുഗാൻ, ജനറൽ ജോസഫ് ഔൺ
ദോഹ: യു.എസ് -ഇറാൻ വെടിനിർത്തൽ തീരുമാനത്തിനു പിന്നാലെ മേഖലയിലെ സമാധാന സാധ്യതകളും തുടർനടപടികളും പങ്കുവെച്ച് ഖത്തർ അമീർ വിവിധ രാഷ്ട്രനേതാക്കളുമായി ആശയവിനിമയം നടത്തി. പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ശരീഫ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവരുമായാണ് അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി ഫോൺ സംഭാഷണത്തിലേർപ്പെട്ടത്.
ഇറാൻ -യു.എസ് വെടിനിർത്തലുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ അമീർ നേതാക്കളുമായി ചർച്ച ചെയ്തു. യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയെ കുറിച്ചും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും സംഭാഷണത്തിനിടെ നേതാക്കൾ പങ്കുവെച്ചു.
പാകിസ്താൻ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ, വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങളും മറ്റ് മധ്യസ്ഥ ശ്രമങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പാകിസ്താൻ പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്ക് അമീർ പിന്തുണ അറിയിച്ചു. ലെബനാനിനെതിരായ ആക്രമണങ്ങളെക്കുറിച്ചും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അവ ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുവരും പങ്കുവെച്ചു. സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും സംഘർഷങ്ങൾ പരിഹരിക്കേണ്ടതിന്റെയും ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള സംഭാഷണത്തിനിടെ, ആഗോള ഊർജ വിപണിയുടെ സ്ഥിരതയും സമുദ്ര ഗതാഗതവും ഉറപ്പാക്കുന്നതിന് എല്ലാ കക്ഷികളെയും ഉൾപ്പെടുത്തിക്കൊണ്ട് സമഗ്രവും സുസ്ഥിരവുമായ വെടിനിർത്തൽ കരാറിലെത്തേണ്ടതിന്റെ പ്രാധാന്യം അമീർ വിശദീകരിച്ചു. സമുദ്ര പാതകളിലൂടെ സുരക്ഷിതവും സ്വാതന്ത്ര്യവുമായ സഞ്ചാരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ചർച്ച ചെയ്തു.
വെടിനിർത്തലിനു ശേഷവും ലെബനാനിൽ നടക്കുന്ന സംഭവങ്ങളും ഇരുവരും അവലോകനം ചെയ്തു. സംഘർഷങ്ങൾ നിയന്ത്രിക്കണമെന്നും പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനായി നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെ ആവശ്യകതയും ഇരുപക്ഷവും വ്യക്തമാക്കി. മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള സുപ്രധാന അവസരമാണ് വെടിനിർത്തൽ എന്ന് തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു. സംഭാഷണത്തിനിടെ ഖത്തറിനെ ലക്ഷ്യമിട്ടുണ്ടായ ഇറാൻ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. ഇത്തരം വെല്ലുവിളികളെ നേരിടുന്നതിൽ ഖത്തർ സ്വീകരിച്ച വിവേകപൂർണ്ണമായ നിലപാടിനെയും നയതന്ത്ര സമീപനത്തെയും അദ്ദേഹം പ്രശംസിച്ചു.
ഇതിനിടെ, ലെബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, പ്രസിഡന്റ് ജനറൽ ജോസഫ് ഔനുമായും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ടെലിഫോൺ സംഭാഷണം നടത്തി. ലെബനന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ലംഘിച്ചുകൊണ്ടുള്ള ഇസ്രായേൽ വ്യോമാക്രമണങ്ങളെ അമീർ ശക്തമായി അപലപിച്ചു. ലെബനാന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത അമീർ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ഖത്തർ സജീവമായി പങ്കുചേരുമെന്നും ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.