ദുബൈ ഹെൽത്ത്കെയർ സിറ്റി എക്സിറ്റ്
ദുബൈ: നഗരത്തിലെ ദുബൈ ഹെൽത്ത്കെയർ സിറ്റി എക്സിറ്റ്(സ്ട്രീറ്റ് 13) നവീകരണ പ്രവൃത്തികൾ അവസാനഘട്ടത്തിലാണെന്നും ഈ മാസം 20ഓടെ പദ്ധതി പൂർത്തിയാകുമെന്നും ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. എമിറേറ്റിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യംവെച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണിത് ആസൂത്രണം ചെയ്തത്.
ഊദ് മേത്തയുടെയും ശൈഖ് റാശിദ് റോഡിന്റെയും കവലയിലേക്ക് പോകുന്ന പുതിയ ആക്സിലറേഷൻ ലെയ്ൻ പദ്ധതിയിൽ ചേർത്തിട്ടുണ്ട്. ഇതിലൂടെ എക്സിറ്റിൽ നിർത്തിപ്പോകുന്ന രീതിക്കുപകരം സ്വതന്ത്രമായി വാഹനങ്ങൾക്ക് കടന്നുപോകാൻ സഹായിക്കും. കൂടാതെ അൽ റിയാദ് സ്ട്രീറ്റിൽ നിന്ന് ഊദ് മേത്ത, ശൈഖ് റാശിദ് റോഡുകളുടെ കവലയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് വേണ്ടി 500 മീറ്റർ നീളത്തിൽ സർവിസ് റോഡ് എക്സിറ്റ് ഒരു ലെയ്നിൽ നിന്ന് രണ്ട് ലെയ്നായി വീതികൂട്ടുന്നുമുണ്ട്.
ദുബൈ ഹെൽത്ത്കെയർ സിറ്റി, ഊദ് മേത്ത എന്നീ ഭാഗങ്ങളിലെ ഗതാഗതം സുഗമമാക്കാൻ പദ്ധതി സഹായിക്കും. പ്രത്യേകിച്ച് ഈ പ്രദേശങ്ങൾ ധാരാളം മെഡിക്കൽ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, താമസ കേന്ദ്രങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന പ്രദേശമായതിനാൽ നിരവധി യാത്രക്കാർക്ക് ഉപകാരപ്പെടും.
നവീകരണം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ ഈ ഭാഗത്ത് കടന്നുപോകാവുന്ന വാഹനങ്ങളുടെ എണ്ണം ഇരട്ടിയാകും. അതോടൊപ്പം ഗതാഗതക്കുരുക്ക് കുറക്കുകയും കാത്തിരിപ്പ് സമയം കുറയുകയും 50 ശതമാനം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ ഭാഗത്ത് നേരത്തെയും വിവിധ നവീകരണ പ്രവർത്തനങ്ങൾ ആർ.ടി.എ പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.