ദുബൈ: ദേശീയ അണുനശീകരണ പദ്ധതിക്ക് ശേഷം നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തനം ആരംഭിച്ച വിപണി കൃത്യമായി മാർഗനിർദേശങ്ങൾ പാലിക്കുന്നതായി ദുബൈ എക്കണോമി അറിയിച്ചു. വെള്ളിയാഴ്ച ദുബൈ എക്കണോമിയിലെ കൊമേഴ്സ്യൽ കംപ്ലയിൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സി.സി.സി.പി) പരിശോധനയിൽ നിയമലംഘനങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അടച്ചുപൂട്ടലോ പിഴ ചുമത്തലോ ഒന്നുമുണ്ടായില്ലെന്ന് മാത്രമല്ല, ചെറിയ നിയമലംഘനങ്ങൾ പോലുമില്ലാത്തതിനാൽ ഒരു സ്ഥാപനത്തിന് പോലും മുന്നറിയിപ്പ് നൽകേണ്ടിയും വന്നിട്ടില്ല.
വെള്ളിയാഴ്ച 224 വ്യാപാര സ്ഥാപനങ്ങളിലാണ് കൊമേഴ്സ്യൽ കംപ്ലയിൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സി.സി.സി.പി) സംഘം പരിശോധന നടത്തിയത്. വിപണികൾ ആരംഭിക്കുമ്പോൾ തന്നെ സി.സി.സി.പി തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു. ഫേസ് മാസ്ക്കുകളും കൈയുറകളും ധരിക്കുക, സാമൂഹിക അകലം കൃത്യമായി ഉറപ്പാക്കുക, അണുനശീകരണ യജ്ഞം നടക്കുന്ന സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുക തുടങ്ങി കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ പാലിക്കാനുള്ള ജാഗ്രത തുടരണമെന്നും ദുബൈ എക്കണോമി വ്യാപാരികളോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.