സുഹൃത്തുക്കൾക്ക് ബാങ്ക് കാർഡ് നൽകി; ദുബൈയിൽ മയക്കുമരുന്ന് കേസിൽ കുടുങ്ങി യുവാവ്
ദുബൈ: ഗെയിമിങ് ആവശ്യത്തിനെന്ന് പറഞ്ഞ സുഹൃത്തുക്കൾക്ക് ബാങ്ക് കാർഡ് ഉപയോഗിക്കാൻ നൽകിയ യുവാവ് മയക്കുമരുന്ന് കേസിലകപ്പെട്ട് കസ്റ്റഡിയിൽ കഴിഞ്ഞത് മൂന്നാഴ്ച. അന്വേഷണത്തിന്‍റെ ഭാഗമായാണ് യുവാവിനെ കസ്റ്റഡിയിലെടുത്ത്. എന്നാൽ അന്വേഷണത്തിൽ യുവാവിന് ഇടപാടുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതായും സംഭവത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്തതായും ദുബൈ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
മറ്റുള്ളവർക്ക് ബാങ്ക് കാർഡോ വ്യക്തിഗത അക്കൗണ്ടോ ഉപയോഗിക്കാൻ നൽകുന്നതും ഇടപാടിന്റെ യഥാർഥ ഉദ്ദേശ്യം അറിയാതെ പണം കൈമാറുകയോ നിക്ഷേപിക്കുകയോ ചെയ്യുന്നതും ഗുരുതരമായ നിയമപ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് യുവാക്കൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
മറ്റൊരാൾക്ക് കാർഡ് നൽകുന്നതോ അക്കൗണ്ട് പങ്കിടുന്നതോ പണം കൈമാറുന്നതോ ചെറിയ സഹായമായി തോന്നിയേക്കാം. എന്നാൽ ഇടപാട് നിയമവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണെങ്കിൽ അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.
ലോക നിയമദിനത്തോടനുബന്ധിച്ച് ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയും ദുബൈ പബ്ലിക് പ്രോസിക്യൂഷനും ചേർന്ന് അൽ വർഖ മജ്‌ലിസിൽ സംഘടിപ്പിച്ച ‘ലീഗൽ ചാറ്റ്സ്’ പരിപാടിയിലാണ് മുന്നറിയിപ്പ് നൽകിയത്.
ദേര പ്രോസിക്യൂഷനിലെ സീനിയർ അഡ്വക്കറ്റ് ജനറൽ കൗൺസിലർ ഡോ. മുഹമ്മദ് ഹുസൈൻ ബിൻ അലിയാണ് യുവാവിന്റെ കേസ് വിശദീകരിച്ച് മുന്നറിയിപ്പ് നൽകിയത്. മയക്കുമരുന്ന് ഉപയോഗം, വിതരണം, കടത്ത് എന്നിവയിൽ മാത്രം നിയമപരമായ ഉത്തരവാദിത്തം ഒതുങ്ങുന്നില്ലെന്ന് ഡ്രഗ് പ്രോസിക്യൂഷനിലെ പ്രോസിക്യൂട്ടർ ഹമദ് അൽ അമീരി പറഞ്ഞു. മയക്കുമരുന്ന് ലഭ്യമാക്കുന്നതിന് സഹായകരമാകുന്ന പ്രവർത്തനങ്ങൾക്കും ചില സാഹചര്യങ്ങളിൽ നിയമനടപടി നേരിടേണ്ടിവരാമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.