ഭക്ഷണമെത്തിക്കുന്നവർക്ക്​ ഭക്ഷണമെത്തിച്ച്​ ദുബൈ

ദു​ബൈ: മറ്റുള്ളവർക്ക് ഭക്ഷണമെത്തിക്കാൻ പരക്കം പായുന്ന, ഡെലിവറി ജീവനക്കാർക്ക് ഭക്ഷണമെത്തിച്ച് നൽകി ദുബൈ പുതിയ മാതൃക തീർക്കുന്നു. വേനലിലെ കൊടുചൂടിൽ ഡെലിവറി സേവനം നിർവഹിക്കുന്നവർക്ക് ഒരുക്കിയ വിശ്രമ കേന്ദ്രങ്ങളിലാണ് അവർക്ക് സൗജന്യമായി ഭക്ഷമെത്തിച്ച് നൽകുക.

ദുബൈയിലെ ഈ കൊടും വേനലിലും മറ്റുള്ളവരുടെ വിശപ്പും ദാഹവുമകറ്റാൻ മണിക്കൂറുകൾ യാത്രചെയ്യുന്നവരാണ് ഡെലിവറി ജീവനക്കാർ. അവർക്ക് യു.എ.ഇ ഫുഡ്ബാങ്കുമായി സഹകരിച്ച് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ഇനി മുതൽ ഭക്ഷണമെത്തിച്ച് നൽകും. ഡെലിവറി കമ്പനിയായ ഡെലിവറൂവും പദ്ധതിയുമായി കൈകോർക്കുന്നുണ്ട്. ദുബൈയിലെ മെട്രോ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഡൈലിവറി ജീവനക്കാർക്ക് വിശ്രമിക്കാൻ സജ്ജമാക്കിയ താൽകാലിക കേന്ദ്രങ്ങളിലേക്കാണ് അവർക്കായി ഭക്ഷണമെത്തുക.

ഏറ്റവും കൂടുതൽ ഡെലിവറി റൈഡർമാർ എത്തുന്ന നഗരത്തിലെ 23 പ്രധാന കേന്ദ്രങ്ങളിലാണ് പ്രതിദിനം ഭക്ഷണവിതരണം നടന്നത്. ഗോൾഡ് സൂഖ്, അൽ സത്വ, അൽ ജാഫിലിയ, അൽ ഖിസൈസ്, അൽ കരാമ എന്നീ ബസ് സ്റ്റേഷനുകളിലും അൽ റാശിദിയ, അൽ ഫുർജാൻ, ഡി.എം.സി.സി, ബുർജുമാൻ, ഇബ്ൻ ബത്തൂത്ത, e& എന്നീ മെട്രോ സ്റ്റേഷനുകളിലെയും താത്കാലിക വിശ്രമ കേന്ദ്രങ്ങളിലാണ് ഈ സൗകര്യം പ്രധാനമായും ഒരുക്കിയത്.

വേനൽചൂട് കണക്കിലെടുത്ത് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ പുറത്ത് ജോലിയെടുക്കുന്നവർക്ക് യു.എ.ഇ ഉച്ചവിശ്രമ നിയമം നടപ്പാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൂടിയാണ് ഡെലിവറി റൈഡർമാർക്കുള്ള ഭക്ഷണവിതരണം. 23 കേന്ദ്രങ്ങളിലാണ് ദിവസവും ഇവർക്കായി ഭക്ഷണമെത്തിക്കുന്നത്. ഡെലിവറി ജീവനക്കാർ നിർവഹിക്കുന്ന ദൗത്യത്തിന്‍റെ പ്രാധാന്യവും, അവർ സാമ്പത്തികരംഗത്ത് നൽകുന്ന സംഭാവനകൾ മാനിച്ചുമാണ് ഭക്ഷണവിതരണ പദ്ധതിയെന്ന് ആർ.ടി.എ, യു.എ.ഇ ഫുഡ്ബാങ്ക് അധികൃതർ പറഞ്ഞു.

Tags:    
News Summary - Dubai delivers food to food delivery people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.