പുതിയ 'സ്മാർട്ട് ആംബുലൻസ്' ഫ്ലീറ്റ് സജ്ജമാക്കി അബൂദബി

അബൂദബി: അടിയന്തര ജീവൻരക്ഷാ സഹായം ആവശ്യമായ രോഗികൾക്കും പ്രസവാവശ്യങ്ങൾക്കും അമിതഭാരമുള്ളവർക്കും പ്രത്യേക പരിചരണം ഉറപ്പാക്കാൻ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ 'സ്മാർട്ട് ആംബുലൻസ്' ഫ്ലീറ്റ് സജ്ജമാക്കി അബൂദബി ആരോഗ്യ വകുപ്പ്. അബൂദബി സിവില്‍ ഡിഫന്‍സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിർണായകമായ അടിയന്തര ഘട്ടങ്ങളിൽ രോഗികളുടെ പ്രത്യേക ആവശ്യങ്ങൾ കണ്ടറിഞ്ഞ് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ സ്മാർട്ട് ആംബുലൻസുകൾക്ക് പുറമെ, എമിറേറ്റിലെ എമർജൻസി ഹെൽത്ത് കെയർ സിസ്റ്റത്തിന്റെ വിവരങ്ങൾ സമഗ്രമായി നിരീക്ഷിക്കുന്ന എമർജൻസി മെഡിക്കൽ ഓപറേഷൻസ് സെന്ററും പ്രവർത്തന സജ്ജമായി. ആംബുലൻസുകൾ, ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത, അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനം, കാലാവസ്ഥാ മുന്നറിയിപ്പുകൾ എന്നിവ തത്സമയം ഈ കേന്ദ്രത്തിൽ ലഭിക്കും. പുതിയ സംവിധാനത്തിലൂടെ ഹൃദയാഘാത കേസുകളിലെ അടിയന്തര ഇടപെടൽ സമയം 49.5 ശതമാനം കുറക്കാൻ സാധിച്ചതായി അബൂദബി ആരോഗ്യ വകുപ്പിലെ എമർജൻസി പ്രിപ്പേർഡ്‌നസ് ആൻഡ് റെസ്‌പോൺസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സലാമ അൽ തമീമി വ്യക്തമാക്കി.

പ്രത്യേക ആംബുലൻസ് സേവനങ്ങൾ

മൊബൈൽ ക്രിട്ടിക്കൽ കെയർ യൂനിറ്റ്: സാധാരണ ആംബുലൻസുകളിൽ കൊണ്ടുപോകാൻ സാധിക്കാത്ത, അത്യാസന്ന നിലയിലുള്ള രോഗികൾക്കായാണ് ഈ ആംബുലൻസ്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം താൽക്കാലികമായി നിർവഹിക്കുന്ന എക്മോ പോലെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. അൾട്രാസൗണ്ട്, ഇൻഫ്യൂഷൻ പമ്പ്, ഇ.സി.ജി, അഡ്വാൻസ്ഡ് വെന്റിലേറ്റർ സൗകര്യങ്ങളും വലിയ സ്ഥലസൗകര്യവും ഇതിനുണ്ട്.

മാതാക്കൾക്കും നവജാതശിശുക്കൾക്കും

ആശുപത്രിക്ക് പുറത്തോ ആംബുലൻസിനുള്ളിലോ വച്ച് നടക്കുന്ന പ്രസവങ്ങൾക്കും നവജാതശിശുക്കളുടെ അടിയന്തര പരിചരണത്തിനുമായാണ് ഈ വാഹനം. നവജാതശിശുക്കൾക്ക് പെട്ടെന്ന് ശ്വാസതടസ്സമോ മറ്റ് പ്രയാസങ്ങളോ ഉണ്ടായാൽ നൽകേണ്ട അടിയന്തര ചികിത്സാ പരിശീലനം ലഭിച്ച പാരമെഡിക്കൽ ജീവനക്കാരെയാണ് ഇതിൽ നിയോഗിച്ചിരിക്കുന്നത്.

അമിതഭാരമുള്ളവർക്കായി പ്രത്യേക സൗകര്യം

200 മുതൽ 300 കിലോ വരെ ഭാരമുള്ള രോഗികളെ സുരക്ഷിതമായി മാറ്റുന്നതിനുള്ള ആംബുലൻസാണിത്. സാധാരണ ആംബുലൻസുകളിൽ കയറ്റാൻ പ്രയാസമുള്ള രോഗികളെ സിവില്‍ ഡിഫന്‍സിന്റെയും മറ്റും സഹായത്തോടെ ലിഫ്റ്റിങ് ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു മുമ്പ് മാറ്റിയിരുന്നത്. പുതിയ വാഹനം എത്തുന്നതോടെ ഇവർക്ക് മികച്ചതും സുഗമവുമായ സേവനം ഉറപ്പാക്കാനാകും.

എമർജൻസി കമാൻഡ് സെന്റർ

2024 ഡിസംബറിലാണ് അത്യാധുനിക കമാൻഡ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. അടിയന്തര ഫോൺ കോൾ വരുന്നതുമുതൽ ആശുപത്രിയിലെത്തിക്കുന്നതുവരെയുള്ള രോഗിയുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റൽ സ്‌ക്രീനുകളിൽ തത്സമയം നിരീക്ഷിക്കും.

ആംബുലൻസിൽ നിന്നുള്ള ഇ.സി.ജി റിപോർട്ടുകളും തൽസ്ഥിതിയും രോഗി ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മെഡിക്കൽ ടീമിന് ലഭ്യമാകും. രോഗിയുടെ അവസ്ഥക്കനുസരിച്ച് ഏറ്റവും അടുത്തുള്ള ആശുപത്രിക്ക് പകരം ആ നിർദിഷ്ട ചികിത്സ ലഭിക്കുന്ന ഏറ്റവും അനുയോജ്യമായ ആശുപത്രിയിലേക്കായിരിക്കും ആംബുലൻസ് തിരിക്കുക. ജീവൻ രക്ഷിക്കാൻ ഓരോ മിനിറ്റും വിലപ്പെട്ടതാണെന്ന തിരിച്ചറിവിലാണ് സാങ്കേതികവിദ്യയും മെഡിക്കൽ വിദഗ്ധരെയും സംയോജിപ്പിച്ചുകൊണ്ടുള്ള അബൂദബിയുടെ ചുവടുവെപ്പ്. അബൂദബി നഗരം, അൽ ഐൻ, അൽ ദഫ്റ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും പുതിയ സ്മാർട്ട് ആംബുലൻസ് സേവനം ലഭ്യമാകും.

Tags:    
News Summary - Abu Dhabi deploys new 'smart ambulance' fleet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.