ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ
പ്രഖ്യാപനം ശൈഖ് ഹമ്ദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം നടത്തുന്നു
ദുബൈ: പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന നിർമിത ബുദ്ധി കേന്ദ്രം (ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യു.എ.ഇയിൽ ആരംഭിച്ചു. ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹമ്ദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യം, ഗതാഗതം, പുനരുപയോഗ ഊർജം എന്നീ സുപ്രധാന മേഖലകൾക്കായി നിർമിത ബുദ്ധി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പ്രധാന അതോറിറ്റികളുമായി സഹകരിച്ച് ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ, ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ദുബൈ മീഡിയ കൗൺസിൽ, ദുബൈ ഡിജിറ്റൽ അതോറിറ്റി എന്നീ സ്ഥാപനങ്ങൾ ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.
സർക്കാറിന് നൂതനപദ്ധതികൾ വികസിപ്പിക്കാനും ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്താനും പ്രാപ്തമാക്കാൻ സഹായിക്കുന്ന നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ എല്ലാ സർക്കാർ സ്ഥാപനങ്ങളും ടാസ്ക് ഫോഴ്സിന് രൂപം നൽകാനും തീരുമാനിച്ചിട്ടുണ്ട്.നിർമിത ബുദ്ധിയും മറ്റു സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി പൊതുജന സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്ന ലോക ശക്തിയാവുകയെന്നതാണ് ദുബൈയുടെ ലക്ഷ്യമെന്ന് ശൈഖ് ഹമ്ദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.