ഇ-സിഗ്രറ്റിൽ മയക്കുമരുന്ന് നിറച്ച് വിൽപന നടത്തിയ കേസിൽ ഷാർജയിലെ മയക്കുമരുന്ന് വിരുദ്ധ സേന പിടികൂടിയ യുവാവ്
ഷാർജ: ഇലക്ട്രോണിക് സിഗ്രറ്റിൽ മയക്കുമരുന്ന് നിറച്ച് വിൽപന നടത്തിയ യുവാവ് ഷാർജയിൽ പിടിയിൽ. സ്വന്തം വീട്ടിൽ വെച്ചാണ് ഇ-സിഗ്രറ്റുകളിൽ മയക്കുമരുന്ന് നിറച്ചിരുന്നത്. ഇതിനായി ഇയാൾ സ്വന്തം വീട് ചെറു ഫാക്ടറിയാക്കിയിരുന്നതായി ഷാർജ മയക്കുമരുന്ന് വിരുദ്ധ സേന അറിയിച്ചു. ഏഷ്യൻ വംശജനാണ് പിടിയിലായത്. പ്രതിയിൽ നിന്ന് ഇ-സിഗ്രറ്റുകളുടെ വൻ ശേഖരവും പാക്കിങ് ഉപകരണങ്ങളും പിടിച്ചെടുത്തു.
അന്വേഷണ ഉദ്യോഗസ്ഥർ ഏറെ നാളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. വിപണിയിൽ വിൽപന നടത്താൻ ലക്ഷ്യമിട്ട് അനധികൃതമായി വലിയ അളവിൽ പുകയില ഉത്പന്നങ്ങളും ഇ-സിഗ്രറ്റുകളും വീട്ടിൽ സൂക്ഷിക്കുന്നുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ മയക്കുവിരുദ്ധ സേന നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായതെന്ന് ഡയറക്ടർ ബ്രിഗേഡിയർ മാജിദ് സുൽത്താൻ അൽ അസ്ലം പറഞ്ഞു. പുകയില ഉൽപന്നങ്ങൾ കടത്താൻ നൂതനമായ സംവിധാനങ്ങളാണ് പ്രതി ഉപയോഗിച്ചിരുന്നത്. വീട്ടിൽവെച്ച് കൈകൊണ്ടാണ് ഇയാൾ ഇ-സിഗ്രറ്റിൽ മയക്കുമരുന്ന് നിറച്ചിരുന്നത്. ശേഷം ഇ-സിഗ്രറ്റുകളേതിന് സമാനമായ രീതിയിൽ പാക്ക് ചെയ്തായിരുന്നു വിൽപന.
യുവാക്കളെയാണ് ഇയാൾ ലക്ഷ്യം വെച്ചിരുന്നതെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുന്ന മയക്കുമരുന്നുകളാണ് ഇ-സിഗ്രറ്റിൽ ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ വിവരങ്ങളുടെയും നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു മയക്കുമരുന്ന് വിരുദ്ധ സേനയുടെ നീക്കങ്ങൾ. കുട്ടികളുടെ സ്വഭാവം രക്ഷിതാക്കൾ നിരീക്ഷിക്കണമെന്നും മയക്കുമരുന്ന് ദുരുപയോഗത്തിൽ വീഴാതിരിക്കാൻ തുറന്ന മനസോടെയുള്ള സമീപനം കുടുംബങ്ങളിൽ നിന്നുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.