ടയറുകൾ പൊട്ടിത്തെറിച്ചതുമൂലം ഉണ്ടായ അപകട ദൃശ്യം. അബൂദബി പൊലീസ് പുറത്തുവിട്ടത്

വേനൽച്ചൂടിൽ ടയർ പൊട്ടി അപകടസാധ്യത: ജാഗ്രത വേണമെന്ന് അബൂദബി പൊലീസ്

അബൂദബി: വേനൽക്കാലത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ ടയറുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം കർശന നടപടിയുണ്ടാകുമെന്നും അബൂദബി പൊലീസ് അറിയിച്ചു. നിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ടയറുകൾ ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന അപകടങ്ങൾ തടയാൻ നടപ്പിലാക്കുന്ന ‘സുരക്ഷിത വേനൽക്കാലം’ കാമ്പയിന്‍റെ ഭാഗമായാണ് മുന്നറിയിപ്പ്. ചൂട് വർധിക്കുന്നതോടെ ടയറുകൾ പെട്ടെന്ന് പൊട്ടിത്തെറിക്കാനും വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ഗുരുതര അപകടങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണെന്ന് പൊലീസ് വ്യക്തമാക്കി.

ടയറുകൾ പൊട്ടിത്തെറിച്ചതുമൂലം റോഡുകളിലുണ്ടായ അപകടങ്ങളുടെ ദൃശ്യങ്ങൾ മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്‍ററുമായി സഹകരിച്ച് അബുദബി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവർമാർക്കിടയിൽ ട്രാഫിക് ബോധവൽക്കരണം ശക്തമാക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്.

ടയറുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് മികച്ച നിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തണം. ടയറുകളുടെ നിർമാണ തീയതി, കാലാവധി എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ടയറുകളിൽ നിർദേശിക്കപ്പെട്ട അളവിൽ മാത്രം വായുമർദം നിലനിർത്താനും വാഹനങ്ങളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ ഭാരം കയറ്റാതിരിക്കാനും ഡ്രൈവർമാർ ജാഗ്രത പാലിക്കണം.

കേടുപാടുകൾ സംഭവിച്ചതോ തേയ്മാനം സംഭവിച്ചതോ ആയ ടയറുകൾ അടിയന്തരമായി മാറ്റണമെന്നും മുൻകരുതൽ അറ്റകുറ്റപ്പണികളിൽ ഒരുവിധ വീഴ്ചയും വരുത്തരുതെന്നും ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിലും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലും ടയറുകളുടെ സുരക്ഷ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ടയറുകളുടെ കൃത്യമായ പരിപാലനം ഓരോ ഡ്രൈവറുടെയും ഉത്തരവാദിത്തമാണ്. സുരക്ഷിതമായ ട്രാഫിക് സംസ്കാരം വളർത്തിയെടുക്കാൻ എല്ലാവരും മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Risk of tire bursts in summer heat: Abu Dhabi Police urge caution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.