ദുബൈ: യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും. ജൂലൈ ഒന്നുമുതൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്‍റെ സേവനകേന്ദ്രങ്ങൾ വഴിയാണ് പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് അപേക്ഷിക്കേണ്ടതെന്ന് എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു. വിവിധ എമിറേറ്റുകളിലെ അൽഹിന്ദിന്‍റെ കേന്ദ്രങ്ങൾ, സേവനനിരക്ക് തുടങ്ങിയ വിവരങ്ങൾ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്നും എംബസി വ്യക്തമാക്കി.
നിലവിലെ സേവന ദാതാക്കളായ ബി.എൽ.എസ് ഇന്‍റർനാഷനൽ സർവീസസ് ലിമിറ്റഡ്, എസ്.വി.ജി.ഐ.വി.എസ് ഗ്ലോബൽ എന്നിവർ 2026 ജൂൺ 30 വരെ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് തുടരുമെന്ന് എംബസി വ്യക്തമാക്കി. ജൂലൈ ഒന്നിനും അതിന് ശേഷവും എല്ലാ അപേക്ഷകളും അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് നടത്തുന്ന നിശ്ചിത കേന്ദ്രങ്ങൾ വഴിയായിരിക്കും കൈകാര്യം ചെയ്യുക. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റുകളെയും വെരിഫൈ ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളെയും മാത്രം ആശ്രയിക്കാൻ അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും അപേക്ഷകരോട് ആവശ്യപ്പെട്ടു. ഏഴ് എമിറേറ്റുകളിലായി 16 കേന്ദ്രങ്ങൾ ഉണ്ടാവുമെന്നാണ് നേരത്തേയുള്ള റിപ്പോർട്ടുകൾ. അൽഹിന്ദിന്‍റെ യു.എ.ഇ ഓപറേഷൻസ് മാനേജർ അരുൺ രാധാകൃഷ്ണൻ നൽകിയ വിവരങ്ങൾ പ്രകാരം അബൂദബിയിൽ ആറു കേന്ദ്രങ്ങളും (അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദീനത്ത് സായിദ്, ഗയാത്തി, അൽ ഐൻ), ദുബൈയിൽ രണ്ടു കേന്ദ്രങ്ങളും (ബർ ദുബൈ, ദുബൈ ഇൻവെസ്റ്റ്‌മെന്‍റ് പാർക്ക്) ഉണ്ടാകും. ഷാർജയിൽ അൽ മജാസ്, റോള എന്നിവയും അജ്മാൻ (അൽ ജുർഫ്), ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ (കോർണിഷ്), കൽബ, റാസൽഖൈമ എന്നിവിടങ്ങളിലുമാണ് മറ്റു കേന്ദ്രങ്ങൾ എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.