ഡ്രൈവർ രഹിത ഗതാഗതത്തിനുള്ള ദുബൈ വേൾഡ് ചലഞ്ചിൽ സമ്മാനാർഹമായ നിയോലിക്​സ്​ സെൽഫ്​

ഡെലിവറി വാഹനം

ഡ്രൈവറില്ലാ വാഹനം: നിയമനിർമാണം അടുത്ത വർഷം

ദുബൈ: ഡ്രൈവറില്ലാ വാഹനങ്ങൾ 2023ൽ ദുബൈ നിരത്തുകളിൽ സജീവമാകും. അടുത്ത വർഷത്തോടെ ഇതിന്​ ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും മറ്റു നഗരങ്ങളേക്കാൾ വേഗത്തിൽ നടപടികൾ പൂർത്തിയാക്കുമെന്നും ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) പൊതുഗതാഗത ഏജൻസി സി.ഇ.ഒ അഹമ്മദ്​ ഹാഷിം ബെഹ്​റോസിയാൻ വ്യക്​തമാക്കി. ബുധനാഴ്​ച ദുബൈ വേൾഡ്​ ട്രേഡ്​ സെൻററിൽ ആരംഭിച്ച 'ലോക ഡ്രൈവർരഹിത വാഹനഗതാഗത കോൺഗ്രസി'നിടെ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2023ഓടെ ദുബൈ നഗരത്തിലെ അഞ്ചു ശതമാനം ടാക്​സികൾ ഡ്രൈവറില്ലാ വാഹനങ്ങളാക്കുമെന്ന്​ നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതു​ നടപ്പിലാക്കുന്നതിനായി ജനറൽ മോ​ട്ടോഴ്​സിന്​ കീഴിലുള്ള ക്രൂയിസുമായി ആർ.ടി.എ കരാറിലെത്തിയിട്ടുമുണ്ട്​. യു.എസിന്​ പുറത്ത്​ ആദ്യമായി ഡ്രൈവറില്ലാ വാഹന സർവിസ്​ ആരംഭിക്കുന്ന ആദ്യ നഗരമായി ദുബൈ ഇതോടെ മാറും. പദ്ധതി ആരംഭിക്കുന്നതിന്​ മുന്നോടിയായി നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളും നിയമങ്ങളും വേഗത്തിൽ തയാറാക്കുന്നതായാണ്​ ആർ.ടി.എ ഉന്നത ഉദ്യോഗസ്​ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്​.

ദുബൈ നിയമനിർമാണ വിഭാഗവുമായും പൊലീസുമായും മറ്റും അധികൃ​തരുമായും ചേർന്നാണ്​ നിയമം രൂപപ്പെടുത്തുന്നത്​. ദുബൈ വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിങ്​ ട്രാൻസ്പോർട്ട് പരിപാടിയിൽ ഡ്രൈവർ രഹിത ഗതാഗതത്തിനുള്ള ദുബൈ വേൾഡ് ചലഞ്ച് വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. എമിറേറ്റ്​സ്​ എയർലൈൻ ഗ്രൂപ്​​ ചെയർമാനും ചീഫ്​ എക്​സിക്യൂട്ടിവുമായ ശൈഖ്​ അഹമ്മദ്​ ബിൻ സഈദ്​ ആൽ മക്​തൂം, ആർ.ടി.എ ഡയറക്​ടർ ജനറലും ചെയർമാനുമായ മത്വാർ മുഹമ്മദ്​ അൽ തായർ, മറ്റു ഉന്നത ഉദ്യോഗസ്​ഥർ എന്നിവർ ചടങ്ങിൽ പ​ങ്കെടുത്തു.

കോൺഗ്രസിനോടനുബന്ധിച്ച്​ ആർ.ടി.എ, ഇ-കൊമേഴ്​സ്​, റീടൈൽ, ഇൻറർനെറ്റ്​, ടെക്​നോളജി എന്നിവയിൽ വിദഗ്​ധരായ ചൈനീസ്​ ബഹുരാഷ്​ട്ര കമ്പനിയായ ആലിബാബയുമായി കരാറിലൊപ്പിട്ടു. ഡ്രൈവർ രഹിത ഗതാഗതത്തിനുള്ള ദുബൈ വേൾഡ് ചലഞ്ചിൽ ചൈനീസ്​ കമ്പനിയായ നിയോലിക്​സും റഷ്യൻ കമ്പനിയായ യാണ്ടെക്​സുമാണ്​ വിജയികളായത്​. സെൽഫ്​ ഡെലിവറി വാഹനമാണ്​ നിയോലിക്​സ്​ അവതരിപ്പിച്ചത്​.

Tags:    
News Summary - Driverless Vehicle: Legislation Next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.