ദുബൈ: ന്യൂസ് വീക്കിന്‍റെ ലോകത്തെ മികച്ച ആശുപത്രികളുടെ 2026ലെ പട്ടികയിൽ ഇടം നേടി ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്‍റെ ജി.സി.സിയിൽ നിന്നുള്ള നാല് ആശുപത്രികൾ. ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂൽ, ആസ്റ്റർ ഹോസ്പിറ്റൽ ഖിസൈസ്, അൽ സഫ മെഡ്കെയർ ഹോസ്പിറ്റൽ, സൗദി അറേബ്യയിലെ ആസ്റ്റർ സനദ് ആശുപത്രി എന്നിവയാണ് യഥാക്രമം നാല്, 10, 25, 40 റാങ്കുകൾ നേടിയത്. ന്യൂസ് വീക്കിന്‍റെ മുൻ എഡിഷനുകളിലും ഇതേ ആശുപത്രികൾ ഇടം നേടിയിരുന്നു.
ഗുണനിലവാരം, സുരക്ഷ, രോഗി കേന്ദ്രീകൃത നവീകരണം എന്നിവയിൽ ആസ്റ്റർ കൈവരിച്ച ഈ നേട്ടങ്ങൾ അടയാളപ്പെടുത്തുന്നതാണ് ഈ റാങ്കിങ്. പേഷ്യന്‍റ് റിപ്പോർട്ടഡ് ഔട്ട്കം മെഷേർസ് (പി.ആർ.ഒ.എം), പേഷ്യന്‍റ് റിപ്പോർട്ടഡ് എക്സ്പീരിയൻസ് മെഷേർസ് (പി.ആർ.ഇ.എം) തുടങ്ങിയ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട രീതികളുടെ സംയോജനമാണ് റാങ്കിങ് പ്രക്രിയയിലെ ഒരു സുപ്രധാന ഘടകം.
ജി.സി.സിയിൽ നാലും ഇന്ത്യയിൽ നാലും ഉൾപ്പെടെ എട്ട് ആശുപത്രികൾ അംഗീകരിക്കപ്പെടുന്നത് മികച്ച ടീം വർക്കിന്‍റെയും മെഡിക്കൽ വിഭാഗങ്ങൾ പുലർത്തുന്ന സ്ഥിരതയാർന്ന കാര്യക്ഷമതയുടെയും പ്രതിഫലനമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലിഷ മൂപ്പൻ പറഞ്ഞു. എല്ലാ വർഷവും ഇതേ ആശുപത്രികൾ ഈ അംഗീകാരം നേടുന്നത് പ്രവർത്തന മികവും ജീവനക്കാരുടെ സമർപ്പണവും ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തെയുമാണ് സൂചിപ്പിക്കുന്നതെന്നും അലീഷ മൂപ്പൻ വ്യക്തമാക്കി.
സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ച് സമഗ്രവും ആഗോളതലത്തിൽ സംയോജിതവുമായ മൂല്യനിർണയ ചട്ടക്കൂട് ഉപയോഗപ്പെടുത്തിയാണ് ന്യൂസ് വീക്ക് ലോകത്തിലെ മികച്ച ആശുപത്രികളുടെ 2026ലെ റാങ്കിങ് തയ്യാറാക്കിയത്. മെഡിക്കൽ പ്രൊഫഷണലുകളിൽ നിന്നുള്ള ശുപാർശകൾ, വലിയ തോതിലുള്ള പൊതു സർവേകൾ, ക്ലിനിക്കൽ ഫലപ്രാപ്തി, രോഗിയുടെ സുരക്ഷ, പ്രവർത്തന മികവ് എന്നിവയുൾപ്പെടെ ഒന്നിലധികം മാനദണ്ഡങ്ങളിലൂടെ ആശുപത്രിയുടെ പ്രകടനം വിലയിരുത്തുന്ന പ്രധാന ഡാറ്റാ പോയിന്‍റുകൾ എന്നിവ ഈ മൂല്യ നിർണയ പ്രക്രിയയിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.