യു.എ.ഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ യു.എ.ഇ ഫുഡ് ക്ലസ്റ്റർ ചെയർമാൻ സാലിഹ് അബ്ദുല്ല ലൂത്ത, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം.എ സലിം എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു
അബൂദബി: ആഗോള കമ്പനികളുടെയും വിദഗ്ധരുടെയും മികച്ച സാന്നിധ്യവുമായി മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് അഞ്ചാം പതിപ്പിന് അബൂദബി നാഷനൽ എക്സിബിഷൻ സെന്‍ററിൽ മികച്ച പ്രതികരണം. ലോകത്തെ വിവിധയിടങ്ങളിൽ നിന്ന് 122,500 സന്ദർശകരും ആയിരത്തിലധികം എക്സിബിറ്റർമാരുമാണ് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സിൽ പങ്കെടുക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, വ്യവസായം, ഫാർമസി, പ്രതിരോധം, നിർമിത ബുദ്ധി, ഊർജം തുടങ്ങിയ പ്രധാന മേഖലകളിൽ വലിയ നിക്ഷേപങ്ങൾക്കും സാധ്യതകൾക്കുമാണ് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് വഴിതുറക്കുന്നത്.
ഇാമാറാത്തി ഉൽപന്നങ്ങൾക്ക് മികച്ച പിന്തുണയേകിയുള്ള ലുലു ഗ്രൂപ്പിന്‍റെ പ്രത്യേക പവലിയൻ പ്രദർശനത്തിൽ ശ്രദ്ധ നേടി. യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ, വ്യവസായ, നൂതന സാങ്കേതിക വകുപ്പ് മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, സാമ്പത്തിക- ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി എന്നിവർ ലുലു പവലിയൻ സന്ദർശിച്ചു.
യു.എ.ഇ ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച പിന്തുണയാണ് ലുലു നൽകുന്നതെന്നും പ്രാദേശിക ഉത്പന്നങ്ങളുടെ മികവ് ആഗോള തലത്തിൽ ചർച്ചയാകുന്നതിന് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് പ്രദർശനം കരുത്തേകുമെന്നും ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. യു.എ.ഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക്, മികച്ച വിപണി ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ ഫുഡ് ക്ലസ്റ്ററുമായി ലുലു ധാരണാപത്രം ഒപ്പുവച്ചു. യു.എ.ഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ യു.എ.ഇ ഫുജ് ക്ലസ്റ്റർ ചെയർമാൻ സാലിഹ് അബ്ദുല്ല ലൂത്ത, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം.എ സലിം എന്നിവർ ചേർന്നാണ് ഇതുസംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പുവച്ചത്.
കൂടാതെ, അൽ തയിബ് ഫുഡ് പ്രോസസിങ് പ്ലാന്‍റിന്‍റെ അബൂദബിയിലെ രണ്ടാം ഘട്ടത്തിന്‍റെ ലോഞ്ചിങ് എം.എ യൂസഫലിയുടെ സാന്നിധ്യത്തിൽ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി നിർവ്വഹിച്ചു. പ്ലാന്‍റിൽ നിന്ന് ബ്ഹറൈനിലേക്കുള്ള ആദ്യ ഷിപ്പ്മെന്‍റിന്‍റെ ഫ്ലാഗ് ഓഫും നടന്നു. പ്രാദേശിക കർഷകർക്കും വലിയ പിന്തുണയേകുന്നതാണ് നീക്കം. യു.എ.ഇ നാഷ്ണൽ ഡയറി ഹയാത്നയുമായും ലുലു ധാരണാപത്രം ഒപ്പുവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.