അബൂദബി: രാജ്യത്തിന്‍റെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബിയിൽ സ്വതന്ത്ര പ്രതിരോധ വ്യവസായ മേഖല സ്ഥാപിക്കുന്നു. തവാസുൻ കൗൺസിൽ ഫോർ ഡിഫൻസ് എനാബിൾമെന്‍റും എ.ഡി പോർട്സ് ഗ്രൂപ്പും കോകോർത്താണ് അൽ സൽമിയ്യയിൽ ഡിഫൻസ് ഇൻഡസ്ട്രിയൽ ഫ്രീ സോൺ വികസിപ്പിക്കുന്നത്. പ്രാദേശികമായി സൈനിക ഉപകരണങ്ങളും പ്രതിരോധ സാമഗ്രികളും നിർമിക്കുന്നതിനും ആഗോള നിക്ഷേപം ആകർഷിക്കുന്നതിനും ഡിഫൻസ് ഇൻഡസ്ട്രിയൽ ഫ്രീ സോൺ യു.എ.ഇക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ.
സൈനിക നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ആഗോള കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും അത്യാധുനിക സൗകര്യങ്ങളോടെ യു.എ.ഇയിൽ തങ്ങളുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ ഇതിലൂടെ സാധിക്കും. പ്രതിരോധ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയുധങ്ങൾ, ഡ്രോണുകൾ, മറ്റ് പ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെ നിർമാണത്തിൽ യു.എ.ഇയെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് പ്രധാന ലക്ഷ്യം. ‘മെയ്ഡ് ഇൻ യു.എ.ഇ’ എന്ന ബ്രാൻഡിൽ പ്രതിരോധ സാമഗ്രികൾ ലോകവിപണിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് പദ്ധതി കരുത്ത് പകരും. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനൊപ്പം തന്നെ, എണ്ണയിതര വരുമാനം വർധിപ്പിക്കാനുള്ള യു.എ.ഇയുടെ സാമ്പത്തിക നയങ്ങൾക്കും നീക്കം മുതൽക്കൂട്ടാകും.
യുദ്ധോപകരണ നിർമാണ രംഗത്തെ മുൻനിര കമ്പനികളെ ആകർഷിക്കാൻ കഴിയുന്ന രൂപത്തിലായിരിക്കും ഫ്രീസോണിന്‍റെ രൂപകൽപന. നികുതി ഇളുവകൾ ഉൾപ്പെടെയുള്ള ആകർഷകമായ പാക്കേജുകളും പ്രഖ്യാപിക്കും. പ്രതിരോധ രംഗത്തെ നിർമാണവുമായി ബന്ധപ്പെട്ട് കയറ്റുമതിയെ പിന്തുണയ്ക്കുന്നതിന് ലോജിസ്റ്റിക് നെറ്റ്‌വർക്കുകളുമായും ആഗോള വിതരണ ശൃംഖലകളുമായും നേരിട്ടുള്ള സംയോജനവും ഉറപ്പാക്കും.
നിയന്ത്രണ, ലൈസൻസിങ് ചട്ടക്കൂടുകൾ വികസിപ്പിക്കാനും വ്യാവസായിക പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാനുമുള്ള ഉത്തരവാദിത്തം തവാസുനായിരിക്കും. പ്രതിരോധ രംഗത്തെ ഉൽപ്പാദനം പ്രാദേശികവത്കരിക്കുന്നതിനും രാജ്യത്തിന്‍റെ ദീർഘകാല പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ഡിഫൻസ് ഇൻഡസ്ട്രിയൽ ഫ്രീസോൺ നിർണായകമായ പിന്തുണയേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.