മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026 വേദിയിൽ ഡോ. ഷംഷീർ വയലിൽ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുന്നു
അബൂദബി: യു.എ.ഇയുടെ ആരോഗ്യ, വ്യവസായ മേഖലകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഡോ. ഷംഷീർ വയലിലിന്‍റെ നേതൃത്വത്തിലുള്ള ലൈഫ് ഫാർമയും ബുർജീൽ ഹോൾഡിങ്സും വൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. അബൂദബിയിൽ നടക്കുന്ന മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026 വേദിയിലാണ് നിർണായക പ്രഖ്യാപനങ്ങൾ.
അബൂദബിയിലെ കെസാദ് മേഖലയിൽ 700 ദശലക്ഷം ദിർഹത്തിന്‍റെ (1,809 കോടി രൂപ) നിക്ഷേപത്തോടെ അത്യാധുനിക മരുന്ന് നിർമാണ ശാല സ്ഥാപിക്കുന്നതാണ് പ്രധാന പദ്ധതി. എ.ഡി പോർട്സുമായി സഹകരിച്ച് നിർമിക്കുന്ന പ്ലാന്‍റിൽ വാക്സിനുകൾ, അർബുദ ചികിത്സയ്ക്കുള്ള മരുന്നുകൾ, അത്യാധുനിക ഇൻജക്ഷനുകൾ എന്നിവ ഉൽപ്പാദിപ്പിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ആയിരത്തിലധികം വിദഗ്ധ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കും.
ബുർജീൽ ഹോൾഡിങ്സ് ശൃംഖലയുടെ വിപുലീകരണത്തിനും ഡിജിറ്റൽ പരിവർത്തനത്തിനുമായി 100 കോടി ദിർഹത്തിന്‍റെ (2,583 കോടി രൂപ) വൻ നിക്ഷേപ പദ്ധതിയും ഗ്രൂപ്പ് പ്രഖ്യാപിച്ചു. അത്യാധുനിക സാങ്കേതികവിദ്യകൾ ചികിത്സാ രംഗത്ത് ഉൾപ്പെടുത്തി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും മികച്ച അനുഭവം രോഗികൾക്ക് ലഭ്യമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രക്തസംബന്ധമായ അപൂർവ്വ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിനായി എക്വിജീൻ തെറാപ്പിറ്റിക്സ് എന്ന പേരിൽ 10 കോടി ദിർഹത്തിന്‍റെ (258 കോടി രൂപ) ജീൻ തെറാപ്പി സംരംഭവും ലൈഫ് ഫാർമ ആരംഭിച്ചു. മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭങ്ങളിലൊന്നായ ഇത് ഹീമോഫീലിയ, തലസ്സീമിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ രോഗങ്ങൾക്കുള്ള നൂതന ചികിത്സാ രീതികൾ വികസിപ്പിക്കും.
രാജ്യാന്തര ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പദ്ധതിയുടെ ആദ്യഘട്ട ഫലങ്ങൾ ലഭ്യമാകും. ലോകോത്തര നെക്സ്റ്റ് ജനറേഷൻ ആരോഗ്യ ഇക്കോസിസ്റ്റമാകാൻ ബുർജീൽ മെഡിക്കൽ സിറ്റി ചികിത്സയും ഗവേഷണവും നിർമ്മാണവും ഒരേ കേന്ദ്രത്തിൽ സംയോജിപ്പിക്കുന്ന നെക്സ്റ്റ് ജനറേഷൻ ആരോഗ്യ ഇക്കോസിസ്റ്റമായി ബുർജീൽ മെഡിക്കൽ സിറ്റിയെ മാറ്റാനുള്ള പദ്ധതിയും പ്രദർശനത്തിൽ അവതരിപ്പിച്ചു.
ഏകദേശം മൂന്ന് ലക്ഷത്തി എൺപത്തേഴായിരം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഒരുങ്ങുന്ന ഈ കേന്ദ്രത്തിൽ ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം, അർബുദ ചികിത്സ, മരുന്ന് നിർമ്മാണം, അത്യാധുനിക സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.