അനുമതിയില്ലാതെ വാഹനത്തില്‍ എമര്‍ജന്‍സി ലൈറ്റുകള്‍ ഘടിപ്പിച്ചു; അബൂദബിയില്‍ രണ്ടുപേര്‍ക്ക് ജയില്‍ശിക്ഷയും പിഴയും

അബൂദബി: സുരക്ഷാ വിഭാഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിയമപരമായി അനുമതിയുള്ള എമര്‍ജന്‍സി വാണിങ് സിസ്റ്റം (സിഗ്‌നല്‍ ലൈറ്റുകള്‍) സ്വകാര്യ വാഹനത്തില്‍ അനധികൃതമായി ഘടിപ്പിച്ച കേസില്‍ രണ്ടുപേര്‍ക്ക് അബൂദബി ക്രിമിനല്‍ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. പൊതുസുരക്ഷയെ ബാധിക്കുന്നതും ഔദ്യോഗിക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതുമായ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് രാജ്യം സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് വിധി. ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഒരാള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്. എമര്‍ജന്‍സി ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

അനധികൃതമായി സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ച വാഹനം പൊതുനിരത്തിലിറക്കിയ ഒന്നാം പ്രതിക്ക് ആറുമാസം തടവും വാഹനം കണ്ടുകെട്ടലുമാണ് അബൂദബി ജുഡീഷ്യല്‍ വകുപ്പ് വിധിച്ച ശിക്ഷ. സെക്യൂരിറ്റി സിസ്റ്റം വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മാനേജറായ രണ്ടാം പ്രതിക്ക് ആറുമാസം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ചുമത്തി. കൂടാതെ, ഒന്നാം പ്രതിക്ക് ഈ ഉപകരണങ്ങള്‍ വിതരണം ചെയ്തതിനെ തുടര്‍ന്ന് കമ്പനിയിലുണ്ടായിരുന്ന സുരക്ഷാ ഉപകരണങ്ങളുടെ ശേഖരം പൂര്‍ണമായി കണ്ടുകെട്ടാനും കോടതി നിര്‍ദേശിച്ചു. ഔദ്യോഗിക അനുമതിയില്ലാതെ ഇത്തരം ഉപകരണങ്ങള്‍ നല്‍കിയതും ഘടിപ്പിച്ചു നല്‍കിയതുമാണ് കമ്പനി മാനേജര്‍ക്കെതിരെയുള്ള കുറ്റം.

പൊതുനിരത്തിലൂടെ പോയ വാഹനത്തില്‍ എമര്‍ജന്‍സി ലൈറ്റുകള്‍ തെളിഞ്ഞത് സ്മാര്‍ട്ട് നിരീക്ഷണ കാമറകളിലും സുരക്ഷാ സംവിധാനങ്ങളിലും പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനമോടിച്ചയാള്‍ക്ക് ഇതിനുള്ള ലൈസന്‍സോ അനുമതിയോ ഇല്ലെന്ന് ബോധ്യപ്പെട്ടത്. തുടര്‍നടപടികളിലൂടെയാണ് ലൈറ്റുകള്‍ ഘടിപ്പിച്ചു നല്‍കിയ കമ്പനിയെയും അതിന്റെ മാനേജരെയും തിരിച്ചറിഞ്ഞ് രണ്ടു പ്രതികളെയും അബൂദബി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

സ്വകാര്യ വാഹനങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പ് ലൈറ്റുകളോ അനുബന്ധ ശബ്ദ സിഗ്‌നലുകളോ സ്ഥാപിക്കരുതെന്നും സ്ഥാപനങ്ങള്‍ ഇവ വില്‍ക്കുകയോ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുകയോ ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘനം നടത്തുന്നവര്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

Tags:    
News Summary - Two sentenced to jail and fine in Abu Dhabi for installing emergency lights on vehicle without permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.