ദുബൈ: ‘ഇനോക് ഓട്ടോപ്രോ’യുമായി സഹകരിച്ച് ദുബൈ പൊലീസ് ജനറൽ കമാൻഡ് ‘അപകടങ്ങളില്ലാത്ത വേനൽക്കാലം 2026’ എന്ന പേരിൽ സുരക്ഷാ കാമ്പയിൻ ആരംഭിച്ചു. യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെയും ഫെഡറൽ ട്രാഫിക് കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണിത്. ജനറൽ ഡിപാർട്മെന്റ് ഓഫ് ട്രാഫിക്കിന്റെ നേതൃത്വത്തിലാണ് റോഡ് സുരക്ഷ വർധിപ്പിക്കാനും പൊതുജനങ്ങളിൽ അവബോധം വളർത്താനുമായി പദ്ധതിക്ക് തുടക്കമിട്ടത്. ഓരോ റോഡ് ഉപയോക്താവിനെയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ പങ്കാളികളാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ദുബൈ പൊലീസ് ജുഡീഷ്യറി കൗൺസിൽ ജനറൽ ഡയറക്ടർ മേജർ ജനറൽ അഹമ്മദ് അബ്ദുല്ല ശുഹൈൽ ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്ത് വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ട്രാഫിക് സുരക്ഷക്ക് അതീവ പ്രാധാന്യമുണ്ടെന്ന് ട്രാഫിക് അവബോധ വിഭാഗം ഡയറക്ടർ കേണൽ തലാൽ അൽ മൻസൂരി വ്യക്തമാക്കി. ട്രാഫിക് മരണങ്ങൾ കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പൊലീസ് സേന പ്രവർത്തിക്കുന്നത്. രാജ്യത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാക്കി യു.എ.ഇയെ മാറ്റാനുള്ള മാറ്റുക എന്ന 'വി ദ യു.എ.ഇ 2031' മുദ്രാവാക്യത്തിന് അനുസൃതമായാണ് ഈ കാമ്പയിൻ രൂപകൽപന ചെയ്തിട്ടുള്ളതെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ അംഗവും അജ്മാൻ ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുമായ ലെഫ്റ്റനന്റ് കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി കൂട്ടിച്ചേർത്തു.
കാമ്പയിന്റെ ഭാഗമായി വാഹനങ്ങളുടെ റോഡ് യോഗ്യത ഉറപ്പാക്കാൻ ഇനോക് ഓട്ടോപ്രോ സൗജന്യ വാഹന പരിശോധന വാഗ്ദാനം ചെയ്യുന്നുണ്ട്. അവരുടെ വർക്ക്‌ഷോപ്പുകൾ വഴി ടയറുകൾ, എഞ്ചിൻ ഓയിൽ എന്നിവയുൾപ്പെടെയുള്ള 10 പ്രധാന സുരക്ഷാ പരിശോധനകൾ തികച്ചും സൗജന്യമായി നടത്തിക്കൊടുക്കും. കൂടാതെ, ഈ സൗജന്യ പരിശോധനയിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്കായി കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നറുക്കെടുപ്പ് നടത്തി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് പുതിയ ടയറുകൾ സമ്മാനമായി നൽകുമെന്നും ഇനോക് റീട്ടെയിൽ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ സായിദ് അബ്ദുൽ റഹ്മാൻ അൽ ഖുഫൈദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.