അബൂദബിയിൽ ഡ്രൈവറില്ലാ ടാക്സി സർവിസ്​ തുടങ്ങി

അബൂദബി: പൂർണമായും ഡ്രൈവറില്ലാതെ ഓടുന്ന ടാക്സികൾ അബൂദബിയിൽ സർവിസ് ആരംഭിച്ചു. രണ്ടാഴ്ച നീണ്ട സ്വകാര്യ പരിശീലന ഓട്ടത്തിന്​ ശേഷമാണ്​ ബുധനാഴ്ച മുതൽ അബൂദബി യാസ്​ ഐലന്‍റിൽ പൂർണമായും ഡ്രൈവറില്ലാതെ ഓടുന്ന ടാക്സി സർവിസ്​ തുടങ്ങിയത്​. മിഡിലീസ്റ്റിൽ ഇത്തരത്തിലുള്ള ടാക്സി​ സർവിസ്​ ആദ്യമായിട്ടാണ്​​. ആവശ്യക്കാർക്ക് ഉബർ വഴി ഇത്തരം ടാക്സികൾ ബുക്ക് ചെയ്യാം. അബൂദബിയിൽ ഉബർ ടാക്സി ബുക്ക് ചെയ്യുന്നവർക്ക് വാഹനം തെരഞ്ഞെടുക്കുമ്പോൾ ഇങ്ങനെയും ഒരു ഓപ്ഷൻ കാണും.

ഡ്രൈവർ സീറ്റിൽ ഡ്രൈവറില്ലാത്ത, പൂർണമായും ഓട്ടോണമസായ ടാക്സി തെരഞ്ഞെടുക്കാം. ഡ്രൈവറില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഡ്രൈവർ സീറ്റിലേക്കും, താനേ തിരിയുന്ന സ്റ്റിയറിങ്ങിലേക്കും നോക്കി കൗതുകത്തോടെ യാത്ര ചെയ്യാം. ഉബറും വീറൈഡും ചേർന്നാണ് അബൂദബി യാസ് ഐലന്‍റിൽ എല്ലാ അർഥത്തിലും ഡ്രൈവർ രഹിതമായ ടാക്സികളുടെ സർവിസ് ആരംഭിച്ചതായി പ്രഖ്യാപിച്ചത്. അമേരിക്കക്ക് പുറത്ത് ആദ്യമായി അബൂദബിയിലാണ് സമ്പൂർണ ഡ്രൈവർ രഹിത ടാക്സികൾ സർവിസ് നടത്തുന്നത്.

വർഷങ്ങളായി ഡ്രൈവർ രഹിത ടാക്സികൾ അബൂദബിയിലുണ്ടെങ്കിലും സുരക്ഷ കണക്കിലെടുത്ത് ഡ്രൈവറുടെ സീറ്റിൽ ആളെ നിയോഗിച്ചിരുന്നു. നേരത്തേ നിശ്ചയിച്ച് നൽകിയ റോഡിലെ ഏത് സാഹചര്യവും നേരിടാൻ കഴിയുന്ന നാലാം ലെവൽ ഓട്ടോണോമസ് ശേഷിയുള്ള വാഹനങ്ങളാണ് നിരത്തിലിറക്കിയിരിക്കുന്നത്. രണ്ടാഴ്ച ഇതിന്റെ സ്വകാര്യ പരീക്ഷണയോട്ടം പൂർത്തിയാക്കിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് വേണമെങ്കിൽ ഡ്രൈവർക്ക് നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്ന വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ ഓടിക്കുന്നത്. അബൂദബിയുടെ കൂടുതൽ മേഖലയിലേക്ക് ഇനി പൂർണമായും ഡ്രൈവറില്ലാത്ത ഡ്രൈവർ രഹിത വാഹനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Driverless taxi service launched in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.