അബൂദബി: സീറ്റുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് അബൂദബിയിൽ നിരോധനം. നിന്നുകൊണ്ട് റൈഡ് ചെയ്യുന്ന ഇലക്ട്രിക് സ്കൂട്ടറുകളെ മാത്രമേ അനുവദിക്കൂ എന്നാണ് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചത്.
മുൻവശത്ത് പെട്ടിയുള്ള സ്കൂട്ടർ, സീറ്റുള്ള ഇ-സ്കൂട്ടർ, സാധാരണ സീറ്റുള്ള സ്കൂട്ടർ എന്നിങ്ങനെ മൂന്നുതരം ഇലക്ട്രിക് സ്കൂട്ടറുകൾക്കാണ് വിലക്ക്.
മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ രൂപമാറ്റം വരുത്തുന്നത് അപകടസാധ്യത ഉയർത്തുന്ന സാഹചര്യത്തിലാണ് അധികൃതർ നടപടിയുമായി രംഗത്തുവന്നത്. നിൽക്കുന്ന അവസ്ഥയിൽ യാത്ര ചെയ്യാനായി രൂപകൽപന ചെയ്ത ഇലക്ട്രിക് സ്കൂട്ടറിൽ ഇരിക്കുന്നതിന് സീറ്റ് ഘടിപ്പിക്കുന്നത് റൈഡറുടെ ബാലൻസിനെ ബാധിച്ചേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
സൈക്കിളുകളിലും ഇ-സ്കൂട്ടറുകളിലും ഒരാൾക്കു മാത്രമാണ് യാത്ര ചെയ്യാൻ അനുവാദം.നിർദിഷ്ട സൈക്കിൾ പാതയില്ലെങ്കിൽ സൈഡ് റോഡുകളാണ് ഇക്കൂട്ടർ ഉപയോഗിക്കേണ്ടതെന്നും അധികൃതർ നിർദേശിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിലേ സഞ്ചരിക്കാൻ പാടുള്ളൂവെന്നും സംയോജിത ഗതാഗത കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുമ്പോൾ ഹെൽമറ്റ് അടക്കമുള്ള സുരക്ഷ ഉപകരണങ്ങൾ ധരിച്ചിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.