ദുബൈ: മേഖലയിൽ സാമ്പത്തിക അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ എമിറേറ്റിലെ ആരോഗ്യപരിരക്ഷ മേഖലക്ക് ആശ്വാസ നടപടികളുമായി ദുബൈ ഹെൽത്ത് കെയർ സിറ്റി അതോറിറ്റി. ഏപ്രിൽ ഒന്നിനും ജൂൺ 30നും ഇടയിൽ വാണിജ്യ ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസും വൈകിയതിനുള്ള പിഴത്തുകയും അതോറിറ്റി ഒഴിവാക്കിയതായി മീഡിയ ഓഫിസ് റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 30 വരെ സമയപരിധിയുള്ള പോസ്റ്റ് ഡേറ്റഡ് ചെക്ക് നൽകുന്നത് ഉൾപ്പെടെ വിവിധ പേയ്‌മെന്‍റ് പ്ലാനുകൾ വഴി ബിസിനസ് സ്ഥാപനങ്ങൾക്ക് പുതുക്കൽ ഫീസ് തവണകളായി അടയ്ക്കാനുള്ള അവസരവും അനുവദിച്ചു. കൂടാതെ ഫ്രീസോണുകളിലെ സ്ഥാപനങ്ങൾക്ക് ലീസ് നടപടികൾ കൂടുതൽ എളുപ്പമാക്കി. ഇതു പ്രകാരം കമ്പനികളുടെ അഭ്യർഥന അനുസരിച്ച് പേയ്മെന്‍റുകൾ നീട്ടിവെക്കാനും തവണകളായി അടക്കാനുമുള്ള സൗകര്യം അനുവദിക്കും. ബിസിനസ് പങ്കാളികളുടെ മേലുള്ള സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി പേയ്മെന്‍റുകൾ മാറ്റിവക്കുന്നതുമായി ബന്ധപ്പെട്ട ഫീസുകളും ചെക്ക് റിട്ടേൺ പിഴയും ഒഴിവാക്കിയിട്ടുണ്ട്.
സ്ഥാപനങ്ങളുടെ ബിസിനസ് തുടർച്ച, ദീർഘകാല വളർച്ച എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് നടപടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ദുബൈ ഹെൽത്ത്കെയർ സിറ്റി അതോറിറ്റി സി.ഇ.ഒ ഇസാം ഗലദാരി പറഞ്ഞു.
ദുബൈയിൽ നിക്ഷേപത്തിനും പ്രത്യേക ആരോഗ്യ സേവനങ്ങൾക്കും സുസ്ഥിരവും പ്രാപ്തവുമായ അന്തരീക്ഷം നിലനിർത്തുന്നതിനുള്ള ഡി.എച്ച്.സി.എയുടെ വിശാലമായ നയത്തിന്‍റെ ഭാഗമാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. നിശ്ചിത മാനദണ്ഡങ്ങളും സമയപരിധിക്കും അനുസരിച്ച് പിന്തുണ ആവശ്യമുള്ള യോഗ്യരായ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. ദുബൈയിലെ മുൻനിര ആരോഗ്യപരിരക്ഷ ഫ്രീ സോണിൽ നിന്ന് ബിസിനസുകൾ വികിസിപ്പിക്കാൻ സഹായിക്കുന്നതിന് ഡി.എച്ച്.സി.എ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.