ദുബൈ: ദേര അൽറാസിൽ 16 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തെതുടർന്ന് കെട്ടിടത്തിൽനിന്ന് ഒഴിപ്പിക്കപ്പെട്ട താമസക്കാർ തിരിച്ചെത്തിത്തുടങ്ങി. തീപിടിത്തമുണ്ടായി രണ്ടാഴ്ചക്കുശേഷമാണ് താമസക്കാർ മടങ്ങിയെത്തിയത്. കെട്ടിടം സീൽ ചെയ്ത അവസ്ഥയിലായിരുന്നു. അറ്റകുറ്റപ്പണികൾക്കുശേഷമാണ് താമസക്കാരെ പ്രവേശിപ്പിക്കാൻ അധികൃതർ അനുമതി നൽകിയത്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും അടുത്തുള്ള താമസസ്ഥലങ്ങളിലുമാണ് ഇവർ കഴിഞ്ഞിരുന്നത്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് തീപിടിത്ത കാരണമെന്ന് സിവിൽ ഡിഫൻസ് കണ്ടെത്തിയിരുന്നു. ഇത് പാലിച്ചശേഷം മാത്രമേ കെട്ടിടം തുറന്നുകൊടുക്കൂവെന്നും അറിയിച്ചിരുന്നു.
മുറികളിലെ വൈദ്യുതി സർക്യൂട്ടുകൾ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. തീപിടിത്തമുണ്ടായ ഭാഗങ്ങളെല്ലാം പെയിന്റടിച്ച് പഴയനിലയിലാക്കി. ഏപ്രിൽ 15നാണ് രണ്ട് മലയാളികൾ അടക്കം 16 പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. മലയാളികൾക്കുപുറമെ സുഡാൻ, പാകിസ്താൻ, ബംഗ്ലാദേശ് സ്വദേശികളായിരുന്നു കെട്ടിടത്തിൽ കൂടുതലും താമസിച്ചിരുന്നത്. കെട്ടിടത്തിലേക്ക് പ്രവേശനം നിഷേധിച്ചതോടെ ഇവർ പ്രതിസന്ധിയിലായിരുന്നു.
അത്യാവശ്യ സാധനങ്ങൾ എടുക്കുന്നതിനായി മാത്രമാണ് താമസക്കാരെ ഉള്ളിൽ കയറാൻ അനുവദിച്ചിരുന്നത്. നിരവധിപേർ ഈ സമയത്ത് സഹായവുമായെത്തിയെന്ന് ഇവർ പറഞ്ഞു. കെട്ടിടത്തിന്റെ താഴ്ഭാഗത്തെ വ്യാപാരസ്ഥാപനങ്ങൾ നേരത്തേ തുറന്നുകൊടുത്തിരുന്നു. കെട്ടിടത്തിന് സമീപത്തെ റോഡും തുറന്നിട്ടുണ്ട്.
ഉച്ചക്ക് 12.35നാണ് ദുബൈയെ ഞെട്ടിച്ച തീപിടിത്തമുണ്ടായത്. അഞ്ചുനില കെട്ടിടത്തിലെ നാലാം നിലയിലായിരുന്നു അത്യാഹിതം. ഷോർട്ട്സർക്യൂട്ടിനെത്തുടർന്ന് ഒരു മുറിയിലുണ്ടായ തീപിടിത്തം മറ്റു മുറികളിലേക്ക് വ്യാപിക്കുകയായിരുന്നു. മലപ്പുറം സ്വദേശികളായ കാളങ്ങാടൻ റിജേഷ്, ഭാര്യ ജിഷി എന്നിവരാണ് മരിച്ച മലയാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.