ദുബൈ: എമിറേറ്റിലെ വൈദ്യുതി ജല വകുപ്പായ ‘ദീവ’യുടെ ഈ വർഷം ആദ്യ ആറുമാസത്തെ ലാഭം 290കോടി ദിർഹം. അതോറിറ്റിയുടെ സമഗ്ര സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ആകെ ആറു മാസത്തെ വരുമാനം 1460കോടി ദിർഹമാണ്. നികുതിയും മറ്റു ചിലവുകളും എല്ലാം കഴിഞ്ഞുള്ള ലാഭമാണ് 290കോടിയിലെത്തിയത്. ഈ വർഷം ആദ്യ ആറുമാസത്തെയും രണ്ടാം പാദത്തിലെയും സാമ്പത്തിക ഫലങ്ങൾ അതോറിറ്റിയുടെ എക്കാലത്തെയും ഏറ്റവും കരുത്തുറ്റതായതിൽ അഭിമാനമുണ്ടെന്ന് ‘ദീവ’ വൈസ് ചെയർമാനും എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
സാമ്പത്തിക നേട്ടങ്ങൾ ഞങ്ങളുടെ പ്രവർത്തന മോഡലിന്റെ പ്രതിരോധശേഷിയും ദുബൈയുടെ സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം ശക്തമായ വരുമാനം സൃഷ്ടിക്കാനുള്ള കഴിവും തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയുടെ സാമ്പത്തിക വളർച്ച, ശക്തമായ ബിസിനസ് മോഡൽ, ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തുള്ള പ്രവർത്തന മാനദണ്ഡങ്ങൾ എന്നിവയുടെ സഹായത്തോടെ പങ്കാളികൾക്ക് സ്ഥിരമായ മൂല്യം നൽകാൻ ഭാവിയിൽ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
2025 ജൂൺ 30ന് അവസാനിച്ച ആറ് മാസത്തിൽ ദീവ റെക്കോർഡ് സാമ്പത്തിക, പ്രവർത്തന പ്രകടനം കാഴ്ചവെച്ചത്. വൈദ്യുതി, ജല ആവശ്യം വർധിച്ചതും എംപവർ വഴി ഡിസ്ട്രിക്റ്റ് കൂളിങിലെ വികാസവും കാരണമായി വരുമാനം വർഷം തോറും 6.9ശതമാനം വർധിച്ചു. അതോടൊപ്പം മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ആകെ ധനകാര്യ ചെലവുകളിൽ 15.45ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം രണ്ടാം പാദത്തിൽ ഇറക്കുമതി ഉൾപ്പെടെ ‘ദീവ’യുടെ മൊത്തം ഊർജ ഉൽപ്പാദനം ഉയർന്നു. കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയതിൽ നിന്ന് 10.88ശതമാനം വർധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. അതോടൊപ്പം ദീവ ഈ പാദത്തിൽ വലിയ അളവിൽ ശുദ്ധമായ ഊർജവും ഉത്പാദിപ്പിച്ചിട്ടുണ്ട്. രണ്ടാം പാദത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന മൊത്തം ഊർജത്തിന്റെ 19.46ശതമാനം പരിസ്ഥിതി സൗഹൃദ ശുദ്ധ ഊർജമാണ്.
ഈ വർഷം രണ്ടാം പാദത്തിൽ ദീവയുടെ മൊത്തം ഉപ്പുവെള്ളത്തിൽ നിന്നുള്ള ജല ഉൽപാദനം മുൻ വർഷത്തെ അപേക്ഷിച്ച് 9.55ശതമാനം വർധിച്ച് 40.78 ബില്യൺ ഇംപീരിയൽ ഗാലൺസ് എന്ന റെക്കോർഡിലെത്തി. പ്രതിദിന ജല ആവശ്യവും മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.87ശതമാനം വർധിച്ചിട്ടുണ്ട്. രണ്ടാം പാദത്തിൽ, ദീവ 1,292,487 ഉപഭോക്തൃ അക്കൗണ്ടുകൾക്ക് സേവനം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഉപഭോക്തൃ അക്കൗണ്ടുകളിൽ 4.81ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പംഈ കാലയളവിൽ ദീവ രണ്ട് 132കെ.വി സബ്സ്റ്റേഷനുകളും 483 11കെ.വി സബ്സ്റ്റേഷനുകളും കമ്മീഷൻ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.