ദുബൈ: പടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെട്ട ‘ശക്തി’ ചുഴലിക്കാറ്റ് യു.എ.ഇയെ കാര്യമായി ബാധിക്കില്ലെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. 60 മുതൽ 70 കിലോമീറ്റർ വേഗത കൈവരിക്കുമെന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതിജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ചുഴലിക്കാറ്റ് കിഴക്കോട്ട് തിരിഞ്ഞ് മധ്യ അറേബ്യൻ കടലിലേക്ക് അകന്നുപോകുമെന്നാണ് എൻ.സി.എമ്മിന്റെ കണക്കുകൂട്ടൽ. ‘ശക്തി’ രൂപപ്പെട്ടതിന് പിന്നാലെ രാജ്യത്ത് ചിലയിടങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ ലഭിച്ചിരുന്നു. അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 24 മണിക്കൂറിനുള്ളിൽ ‘ശക്തി’യുടെ ശക്തി കുറയുകയും ന്യൂനമർദമായി പരിണമിക്കുകയും ചെയ്യും. തുടർന്ന് ഇത് തെക്കുകിഴക്ക് ഭാഗത്ത് നീങ്ങി വേഗത മണിക്കൂറിൽ 25 മുതൽ 55 കിലോമീറ്ററായി കുറയുകയും ചെയ്യും. ഇതുമൂലം ‘ശക്തി’ രാജ്യത്ത് കാര്യമായ ആഘാതമുണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും സ്ഥിതിഗികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഇതു സംബന്ധിച്ചുള്ള കിംവദന്തികൾ ഒഴിവാക്കുകയും ഔദ്യോഗികമായ അറിയിപ്പുകളെ മാത്രം ആശ്രയിക്കുകയും വേണമെന്ന് പൊതുജനങ്ങളോട് എൻ.സി.എം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.