ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ
ഖാസിമി
ഷാർജ: എമിറേറ്റിൽ സൈക്ലിങ് ക്ലബിന്റെ രൂപവത്കരണം, നടത്തിപ്പ്, നിയന്ത്രണം എന്നിവ സംബന്ധിച്ച പുതിയ നിയമത്തിന് അംഗീകാരം നൽകി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
‘ഷാർജ സൈക്ലിങ് ക്ലബ്’ എന്ന പേരിൽ സ്ഥാപിക്കുന്ന ക്ലബിന് നിയമപരമായ അസ്തിത്വവും ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള അധികാരവും ഉണ്ടായിരിക്കും.
ഷാർജ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിലായിരിക്കും ഇതിന്റെ പ്രവർത്തനം. ഷാർജ സിറ്റിയിലായിരിക്കും ആസ്ഥാനവും പ്രധാന കേന്ദ്രവും പ്രവർത്തിക്കുക. സ്പോർട്സ് കൗൺസിലിന്റെയും ക്ലബ് പ്രസിഡന്റിന്റെയും അഭ്യർഥന അനുസരിച്ച് മറ്റ് നഗരങ്ങളിലും ബ്രാഞ്ചുകൾ സ്ഥാപിക്കും.
പ്രാദേശിക, അന്താരാഷ്ട്രതലത്തിൽ സൈക്ലിങ് രംഗത്ത് എമിറേറ്റിന്റെ പ്രശസ്തിയും മത്സരക്ഷമതയും മെച്ചപ്പെടുത്തുക, സൈക്ലിങ്ങിന്റെ എല്ലാ വശങ്ങളിലും വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ കായികം, സാംസ്കാരികം, സമൂഹ മേഖലകളെ പിന്തുണക്കുക, ആരോഗ്യകരമായ ജീവിതശൈലി എന്ന നിലയിൽ സൈക്ലിങ് പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലിക്ക് സംഭാവന ചെയ്യുന്നതിനായി കമ്യൂണിറ്റി കേന്ദ്രീകൃതമായ പരിപാടികൾ സംഘടിപ്പിക്കുക, സൈക്ലിങ്ങിനായി നൂതനവും സമഗ്രവുമായ നിയമ, അഡ്മിനിസ്ട്രേറ്റിവ് ചട്ടക്കൂടുകൾ നിർമിക്കുക തുടങ്ങിയവയാണ് സൈക്ലിങ് ക്ലബിന്റെ ചുമതല.
എമിറേറ്റിൽ സൈക്ലിങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനാവശ്യമായ ആസൂത്രണവും ബോർഡ് നയങ്ങളും വികസിപ്പിക്കുക, സൈക്ലിങ് മേഖലയിൽ പുതുതലമുറയിലെ പ്രഫഷനലുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് സൈക്ലിങ് ക്ലബിന്റെ ലക്ഷ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.