യു.എ.ഇയിലെ സി.എസ്.ഐ സ്ത്രീജനസഖ്യം രജതജൂബിലി സമ്മേളനം സംബന്ധിച്ച്
ഭാരവാഹികൾ വിശദീകരിക്കുന്നു
ഷാർജ: യു.എ.ഇയിലെ സി.എസ്.ഐ സഭകളിലെ സ്ത്രീജനസഖ്യത്തിന്റെ 25ാമത് വാർഷിക സമ്മേളനം ഒക്ടോബർ 18ന് രാവിലെ എട്ടു മുതൽ ഷാർജ സി.എസ്.ഐ പള്ളിയിൽ നടക്കും. മധ്യകേരള മഹായിടവക സ്ത്രീജനസഖ്യ പ്രസിഡന്റ് ഡോ. ജെസ്സി സാറ കോശി ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യയിലെ ആദ്യത്തെ കോളജായ കോട്ടയം സി.എം.എസ് കോളജിന്റെ ആദ്യ വനിത പ്രിൻസിപ്പൽ പ്രഫ. ഡോ. അഞ്ജു സൂസൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും. സ്തോത്ര ശുശ്രൂഷയിൽ രജത ജൂബിലി കോൺഫറൻസിന്റെ പതാക ഉയർത്തും.
സ്ത്രീജനസഖ്യത്തിൽ കാൽ നൂറ്റാണ്ട് തികക്കുന്ന അംഗങ്ങളെ ആദരിക്കും. അംഗങ്ങളുടെ രചനകൾ അടങ്ങിയ സ്നേഹിത എന്ന മാസിക വേദിയിൽ പ്രകാശനം ചെയ്യും. വിവിധ കലാപരിപാടികളും അരങ്ങേറും. ബിസിനസ് സമ്മേളനത്തോടെ കോൺഫറൻസ് സമാപിക്കും. അബൂദബി, ദുബൈ, ജബൽ അലി, അൽ ഐൻ, റാസൽ ഖൈമ, ഫുജൈറ, ഷാർജ സഭകളിലെ മുന്നൂറോളം സ്ത്രീകൾ പങ്കെടുക്കും.
കോൺഫറൻസ് കൺവീനർ ജാൻസി ബിജു, ഷാർജ സ്ത്രീജനസഖ്യം പ്രസിഡന്റ് നിവി സൂസൻ ജോർജ്, വൈസ് പ്രസിഡന്റ് മേഴ്സി അനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സുശീല ജോൺ, കമ്മിറ്റി അംഗങ്ങളായ ആഷ്ലി മേരി ബിജു, എലീന ആൻ ബെന്നി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.