ക്രൂസ് കൺട്രോൾ നഷ്ടമായി അപകടാവസ്ഥയിലായതിനെ തുടർന്ന് പൊലീസ് രക്ഷപ്പെടുത്തിയ വാഹനം
ദുബൈ: തിരക്കേറിയ ശൈഖ് സായിദ് റോഡിൽ ക്രൂസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് അപകടത്തെ അഭിമുഖീകരിച്ച സ്ത്രീക്ക് രക്ഷകരായി ദുബൈ പൊലീസ്. സംഭവത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ച് ഉടൻ തന്നെ പൊലീസ് നടത്തിയ ഇടപെടലാണ് അപകടത്തിൽ നിന്ന് സ്ത്രീയെ രക്ഷിച്ചത്. അബൂദബി ഭാഗത്തേക്ക് പോകുമ്പോഴാണ് കാറിന്റെ ക്രൂസ് കൺട്രോൾ തകരാറിലായത്.
പലതവണ ശ്രമിച്ചിട്ടും ഇവർക്ക് ക്രൂസ് കൺട്രോൾ ശരിയായി പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. പൊലീസ് സംഭവസ്ഥലത്തെത്തുമ്പോൾ വാഹനം റോഡിന്റെ നാലാമത്തെ ലൈനിലായിരുന്നു. തുടർന്ന് വളരെ ശ്രദ്ധയോടെ കാറിനെ അനുഗമിക്കുകയും ഡ്രൈവർക്ക് ഫോൺ വഴി നിർദേശങ്ങൾ നൽകുകയുമായിരുന്നു. പട്രോൾ വാഹനം കാറിന്റെ മുന്നിൽ സഞ്ചരിച്ച് നിർത്തുന്നതിന് വഴിയൊരുക്കി. കാറിന്റെ പിന്നിൽ സഞ്ചരിച്ച മറ്റൊരു പട്രോൾ വാഹനം കൂട്ടിയിടി ഒഴിവാക്കുന്നതിന് നടപടികളെടുക്കുകയും ചെയ്തു. ഇതുവഴി റോഡരികിൽ സുരക്ഷിതമായി വാഹനം നിർത്താനുള്ള സാഹചര്യവുമൊരുക്കി. ഓപറേഷൻസ് റൂമും ഫീൽഡ് പട്രോളിങ്ങും തമ്മിലെ വേഗത്തിലുള്ള ഫലപ്രദമായ ഏകോപനമാണ് സാഹചര്യം വിജയകരമായി കൈകാര്യം ചെയ്യുന്നതിനായതെന്ന് ദുബൈ പൊലീസ് ഗതാഗത വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
അടിയന്തര സാഹചര്യങ്ങൾ പ്രഫഷനലായി കൈകാര്യം ചെയ്തതിന് ടീമംഗങ്ങളെ അദ്ദേഹം പ്രശംസിച്ചു. അപകടകരമായ തകരാറുകൾ ഒഴിവാക്കാൻ പ്രതിരോധ നടപടികൾ അനിവാര്യമാണെന്നും പതിവായി വാഹന പരിശോധനകൾ നടത്താനും ബ്രേക്കുകൾ, ക്രൂസ് കൺട്രോൾ തുടങ്ങിയ നിർണായക സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം എല്ലാ ഡ്രൈവർമാരോടും ആവശ്യപ്പെട്ടു. ക്രൂസ് കൺട്രോൾ തകരാർ ഉണ്ടായാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഡ്രൈവർമാർ സീറ്റ് ബെൽറ്റ് ഉറപ്പിക്കുകയും ഹസാർഡ് ലൈറ്റുകളും ഹെഡ്ലൈറ്റുകളും ഓണാക്കണമെന്നും, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ എമർജൻസി നമ്പറിൽ (999) ഉടൻ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.