ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: തുര്‍ക്കിയ യാത്രയില്‍ മലയാളിക്ക് നഷ്ടമായത് ലക്ഷങ്ങള്‍
റാസല്‍ഖൈമ: ഓണ്‍ലൈന്‍ പണമിടപാടുകളിലും ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് കൈകാര്യം ചെയ്യുന്നതിലും അതിജാഗ്രത പുലര്‍ത്തണമെന്ന സന്ദേശമാണ് തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി ശക്കീര്‍ അഹമ്മദിന്റെ തുര്‍ക്കിയ യാത്രയിലെ ദുരനുഭവം നല്‍കുന്നത്. കര്‍ശന ജാഗ്രത കൈക്കൊള്ളുന്നയാളായിട്ടുകൂടി ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം കവര്‍ച്ച ചെയ്യപ്പെട്ടുവെന്നത് ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നവരെയെല്ലാം ഞെട്ടിക്കുന്നതാണ്.
22,000 ദിര്‍ഹമാണ് ഒ.ടി.പി കണ്ഫര്മേഷന് പോലുമില്ലാതെ മൂന്ന് വ്യാജ ഇടപാടുകളിലൂടെ കാര്‍ഡില്‍നിന്ന് പിന്‍വലിക്കപ്പെട്ടതെന്ന് യു.എ.ഇയിലെ സംരംഭകന്കൂടിയായ ശക്കീര്‍ അഹമ്മദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. യു.എ.ഇ കേന്ദ്രമായുള്ള ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡാണ് കുടുംബവുമൊത്തുള്ള യാത്രയില്‍ കൈയില്‍ കരുതിയിരുന്നത്. താമസസ്ഥലത്തെ വിശ്രമവേളയില്‍ രാത്രി 11.50ന് ശേഷം നാല് മിനിറ്റുകള്‍ക്കുള്ളിലാണ് പണം പിന്‍വലിക്കപ്പെട്ടത്. ഉടൻ ബാങ്കില്‍ വിവരമറിയിക്കുകയും തുര്‍ക്കിയ പൊലീസില്‍ പരാതിയും നല്കി. നടന്ന മൂന്ന് വിനിമയങ്ങളില്‍ ഒന്ന് ഇസ്തംബൂളിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റ് രണ്ടെണ്ണം തുര്‍ക്കിയയില്‍ അല്ലെന്നും കൂടുതല്‍ അന്വേഷണത്തിനായി ബാങ്ക് സ്റ്റേറ്റ്മെന്റ് നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ ഉടൻ വിവരം ലഭിക്കില്ലെന്നറിഞ്ഞു. സ്റ്റേറ്റ്മെന്റ് വരുന്ന തീയതിയില്‍ മാത്രമേ കൃത്യമായ വിവരം തങ്ങള്‍ക്കും ലഭിക്കുകയുള്ളൂ. തങ്ങളല്ല, വിസ-മാസ്റ്റര്‍ പ്രൊവൈഡര്‍മാരാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണ വിനിമയ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത്. പരാതിയില്‍ നിജസ്ഥിതി തെളിയുന്നമുറക്ക് ബാങ്ക് പണം തിരികെ നല്‍കുമെന്നുമായിരുന്നു യു.എ.ഇയിലെ ബാങ്കില്‍നിന്ന് ലഭിച്ച മറുപടി.
എന്നാൽ, തുര്‍ക്കിയ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജ ഇടപാട് നടത്തിയവരില്‍ നിന്നും ആദ്യ ഇടപാടില്‍ നഷ്ടമായ 3250 യൂറോ ഈടാക്കുകയും പൊലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ തുക കൈയില്‍ തരുകയും ചെയ്തു. മറ്റ് രണ്ട് ഇടപാടുകളും നടന്നിരിക്കുന്നത് തുര്‍ക്കിയക്ക് പുറത്തായതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്നറിയിച്ചു. യു.എ.യില്‍ തിരികെയെത്തി രണ്ടാമത്തെ ദിവസം മറ്റൊരു ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡില്‍നിന്നും സമാനമായ വ്യാജ ഇടപാട് നടന്നു. 3890ഉം 1800ഉം ദിര്‍ഹം ദുബൈ മേൽവിലാസത്തിലുള്ള കമ്പനിയിലേക്ക് കൈമാറ്റം നടന്നതായാണ് സന്ദേശം ലഭിച്ചത്.
ഇടപാട് നടത്തിയ കമ്പനിയുടെ വിലാസം വെച്ച് വെബ്സൈറ്റിലെ അന്വേഷണത്തില്‍ കമ്പനിയും വിലാസവും ഫോണ്‍ നമ്പറും വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ബാങ്കുമായി നിരന്തരം ബന്ധപ്പെട്ടതിനൊടുവില് തുക താല്‍ക്കാലിക ക്രെഡിറ്റായി ലഭിച്ചു. അന്വേഷണത്തിന് ശേഷം ക്രെഡിറ്റ് തുക സ്ഥിരപ്പെടുത്തുകയോ തിരിച്ചുപിടിക്കുകയോ ചെയ്യുമെന്നുമാണ് ബാങ്ക് അറിയിച്ചതെന്ന് ശാകിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.