മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഓർമ ദുബൈ
ദുബൈ: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒന്നിച്ചുചേർക്കാനും കേരളത്തിന്‍റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് പ്രവർത്തിച്ചുപോന്ന ‘ലോക കേരള സഭ’ ഇനി തുടരില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ഓർമ ദുബൈ ശക്തമായ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തി.
പിറന്നനാടിന്‍റെ സാമ്പത്തിക ഭദ്രതക്കും വികസനത്തിനും അടിത്തറയിടുന്ന പ്രവാസി സമൂഹത്തെ കേവലം വോട്ട് ബാങ്കായോ സാമ്പത്തിക സ്രോതസായോ മാത്രം കാണുന്ന സമീപനമാണിത്. ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള പ്രവാസികളുടെ വിഷയങ്ങളും ആശങ്കകളും നിർദേശങ്ങളും നേരിട്ട് സംസ്ഥാന സർക്കാരിനു മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്ന ഏക ഔദ്യോഗിക ജനാധിപത്യ വേദിയായിരുന്നു ലോക കേരള സഭ. രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവാസി പ്രതിനിധികൾ പങ്കെടുത്ത സംരംഭത്തെ തച്ചുടക്കുന്നത് ലക്ഷക്കണക്കിന് പ്രവാസികളോട് കാട്ടുന്ന വഞ്ചനയാണ്. പ്രവാസി സമൂഹത്തിനെതിരായ ഇത്തരം നടപടികൾക്കെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു.
പ്രവാസികളുടെ പുനരധിവാസം, നിക്ഷേപ സംരക്ഷണം, കൃത്യമായ ക്ഷേമപദ്ധതികൾ എന്നിവ ചർച്ച ചെയ്യാനും നടപ്പാക്കാനും ഒരു കൂട്ടായ്മ അത്യാവശ്യമായിരിക്കെ മുൻകാല തീരുമാനങ്ങൾ രാഷ്ട്രീയ കാരണങ്ങളാൽ റദ്ദാക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. പ്രവാസികളുടെ ശബ്ദം കേൾക്കാൻ താല്പര്യമില്ലെന്ന സർക്കാരിന്‍റെ മനോഭാവമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. അതുകൊണ്ട്, ലോക കേരള സഭ അവസാനിപ്പിക്കാനുള്ള തീരുമാനം സർക്കാർ ഉടൻ പുനഃപരിശോധിക്കമെന്ന് ഓർമ ദുബൈ ആവശ്യപ്പെട്ടു.
‘അവസാനിപ്പിക്കാനുള്ള നീക്കം
പുനഃപരിശോധിക്കണം’
ദുബൈ: ലോക കേരള സഭ അവസാനിപ്പിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ലോക കേരള സഭ അംഗവും മുൻ പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറുമായ എൻ.കെ. കുഞ്ഞഹമ്മദ് ആവശ്യപ്പെട്ടു. ലോക കേരള സഭ തുടരേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രവാസി സമൂഹത്തിന് കടുത്ത ആശങ്കയുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒരുമിപ്പിക്കുകയും പ്രവാസി സമൂഹത്തിന്‍റെ പ്രശ്നങ്ങളും നിർദേശങ്ങളും കേരള സർക്കാരിന്‍റെ ശ്രദ്ധയിൽ എത്തിക്കുകയും ചെയ്ത വേദിയാണ് ലോക കേരള സഭ.
2018ൽ ആദ്യ ലോക കേരള സഭ ചേരുമ്പോൾ 35 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. എന്നാൽ, ഈ വർഷം ആദ്യം ചേർന്ന അഞ്ചാം ലോക കേരള സഭയിൽ 125 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ലോക കേരള സഭയോട് പ്രവാസി മലയാളികൾ പുലർത്തിയ ഗൗരവവും പ്രതീക്ഷയും എത്രത്തോളം വർധിച്ചുവെന്നതിന്‍റെ തെളിവാണിത്.
പ്രവാസി പ്രതിനിധികൾക്കൊപ്പം പാർലമെന്‍റ്, നിയമസഭാംഗങ്ങളും ഉൾപ്പെടുന്ന സഭ പ്രവാസി സമൂഹത്തിന് ലഭിച്ച പ്രാധാന്യത്തിന്‍റെയും ജനാധിപത്യപരമായ പങ്കാളിത്തത്തിന്റെയും പ്രധാന വേദിയായിരുന്നു. പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങളും നിർദേശങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള അവസരം ഇതിലൂടെ ലഭിച്ചു. അതിനാൽ ലോക കേരള സഭ അവസാനിപ്പിക്കുകയല്ല, കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.
തുടരില്ലെന്ന നിലപാട് സ്വാഗതാർഹം
-യു.ഡി.എഫ് യു.എ.ഇ
ദുബൈ: ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ എടുത്ത നിലപാട് സ്വാഗതാർഹമാണെന്ന് യു.ഡി.എഫ് യു.എ.ഇ കൺവീനർ പുന്നക്കൻ മുഹമ്മദലി. ലോക കേരളസഭ കൊണ്ട് ഒരു ഗുണവും പ്രവാസികൾക്ക് ഉണ്ടായിട്ടില്ല. അതിന്‍റെ പേരിൽ ധൂർത്ത് മാത്രമാണ് നടന്നത്. സി.പി.എമ്മിന്‍റെ പ്രവാസി പോഷക സംഘടനക്ക് മുതലാളിമാരിൽനിന്ന് സാമ്പത്തിക ലാഭം ഉണ്ടാക്കാനുള്ള വഴിയായിരുന്നു അത്.
ലോക കേരള സഭക്ക് വേണ്ടി കേരള സർക്കാർ ഉപയോഗിക്കുന്ന പണം പ്രവാസി ക്ഷേമപദ്ധതികൾക്ക് ഉപയോഗിക്കണം. നോർക്ക, പ്രവാസി ക്ഷേമ ബോർഡുകൾ അടിയന്തരമായി പുനസംഘടിപ്പിക്കണമെന്നും അർഹമായ പരിഗണന പ്രവാസികൾക്ക് നൽകണമെന്നും മെന്നും യു.ഡി.എഫ് യു.എ.ഇ കൺവീനർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.