ഗുരുവിചാരധാരയുടെ ഗുരുജയന്തി-ഓണാഘോഷം; ഗുരുദേവ അവാർഡുകൾ വിതരണം ചെയ്തു
അജ്മാൻ: ഗുരുവിചാരധാരയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്‍റെ 172-ാമത് ഗുരുജയന്തിയും ഓണാഘോഷവും അജ്മാൻ ലേഡീസ് ക്ലബ് ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടന്നു. പ്രമുഖ വ്യവസായിയും സാംസ്കാരിക പ്രവർത്തകനുമായ എൻ. മുരളീധരപണിക്കർ ഉദ്ഘാടനം ചെയ്തു. കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ച് ഗുരുദേവ അവാർഡുകൾ വിതരണം ചെയ്തു. ഗുരുശ്രേഷ്ഠ ഗ്ലോബൽ അവാർഡ് സുഗതൻ ജനാർദനനും, ഗുരുദേവ ബിസിനസ് എക്സലൻസ് അവാർഡ് മോഹൻദാസ് ദിവാകരനും ഏറ്റുവാങ്ങി.
മികച്ച വനിതാ സംരംഭകക്കുള്ള അവാർഡ് ലിൻസി പണിക്കർക്കും, മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ഡോ. ഭഗവതി രവിക്കും നൽകി. മാധ്യമരംഗത്തെ മികവിനുള്ള ഗുരുദേവ മീഡിയ അവാർഡ് വനിത വിനോദ്, അരുൺ പാറാട്ട്, ഷിൻസ് സെബാസ്റ്റ്യൻ എന്നിവർക്ക് സമ്മാനിച്ചു. തുടർന്ന് കുട്ടികൾക്കുള്ള മെറിറ്റ് അവാർഡുകളും വിതരണം ചെയ്തു. ചടങ്ങിൽ ഗുരുവിചാരധാര പ്രസിഡന്‍റ് പി. ജി. രാജേന്ദ്രൻ രചിച്ച ‘മാറുന്ന മനുഷ്യരും മായുന്ന മൂല്യങ്ങളും’ എന്ന പുസ്തകത്തിന്‍റെ കവർ പ്രകാശനവും നടന്നു. എൻ. മുരളീധരൻ പണിക്കർ പ്രകാശനം നിർവഹിച്ചു. സുരേഷ് വെള്ളിമറ്റം, അഡ്വ. വൈ.എ. റഹീം, ശ്യാം പ്രഭു, ഷാജി ശ്രീധരൻ, വന്ദന മോഹൻ, മഞ്ജു വിനോദ്, വിജയകുമാർ ഓലകെട്ടി എന്നിവർ സംസാരിച്ചു. ഗുരുവിചാരധാര ജനറൽ സെക്രട്ടറി ഒ. പി. വിശ്വംഭരൻ സ്വാഗതവും ജനറൽ കൺവീനർ പ്രഭാകരൻ പയ്യന്നൂർ നന്ദിയും പറഞ്ഞു.
ഓണാഘോഷത്തിന്‍റെ ഭാഗമായി ചെണ്ടമേളം, താലപ്പൊലി, മാവേലി എഴുന്നള്ളത്ത്, ഭരതനാട്യം സിനിമാറ്റിക് ഡാൻസ്, ഗായിക ഹർഷ ചന്ദ്രൻ ടീമിന്‍റെ ഗാനമേള തുടങ്ങിയവ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. വിജയകുമാർ, സഞ്ജു, ലളിത വിശ്വംഭരൻ, ഗായത്രി, ചന്ദ്രബാബു, വൈഷ്ണവി, മോഹൻ, രാജ്ദേവ്, രാഗിണി മുരളീധരൻ, ബിജി കുമാർ, രാജുപണിക്കർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.