യു.എ.ഇ ദിർഹം യൂനികോഡിൽ; ഫോൺ കീബോർഡിലേക്ക് വഴിതെളിഞ്ഞു
ദുബൈ: യു.എ.ഇ ദിർഹമിന്‍റെ പുതിയ ഔദ്യോഗിക ചിഹ്നം ഡിജിറ്റൽ ലോകത്ത് ഉപയോഗിക്കുന്നതിനുള്ള അന്താരാഷ്ട്ര സാങ്കേതിക മാനദണ്ഡമായ 'യൂനികോഡ് 18.0'-ൽ ഉൾപ്പെടുത്തി. 'U+20C3' എന്ന പ്രത്യേക കോഡാണ് ദിർഹം ചിഹ്നത്തിനായി യൂനികോഡ് കൺസോർഷ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, വെബ്‌സൈറ്റുകൾ, വിവിധ ആപ്പുകൾ എന്നിവയിൽ മറ്റ് ആഗോള കറൻസികളുടെ ചിഹ്നങ്ങൾ പോലെ ദിർഹം ചിഹ്നവും സ്റ്റാൻഡേർഡായി ഉപയോഗിക്കാനുള്ള വഴി തെളിഞ്ഞു.
യൂനികോഡിൽ ഉൾപ്പെടുത്തിയെങ്കിലും ഉപയോക്താക്കളുടെ ഫോൺ കീബോർഡുകളിൽ ഇത് തനിയെ പ്രത്യക്ഷപ്പെടില്ല. ആപ്പിൾ, ഗൂഗിൾ തുടങ്ങിയ സാങ്കേതിക കമ്പനികളും ഓപ്പറേറ്റിങ് സിസ്റ്റം നിർമാതാക്കളും അവരുടെ അടുത്ത സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലൂടെ മാത്രമേ ഈ ചിഹ്നം കീബോർഡുകളിൽ ലഭ്യമാക്കൂ. എങ്കിലും, ബിസിനസുകൾക്കും ഡെവലപ്പർമാർക്കും തങ്ങളുടെ വെബ്‌സൈറ്റുകളിലും ബില്ലിങ് സോഫ്റ്റ്‌വെയറുകളിലും ഇൻവോയ്സുകളിലും ദിർഹം ചിഹ്നം ഉപയോഗിച്ചു തുടങ്ങാൻ ഈ ഡിജിറ്റൽ കോഡ് സഹായകരമാകും.
2025 മാർച്ച് 27-നാണ് യുഎഇ സെൻട്രൽ ബാങ്ക് ദിർഹത്തിന്റെ പുതിയ ഔദ്യോഗിക ചിഹ്നം പുറത്തിറക്കിയത്. ദിർഹം എന്നതിന്റെ 'D' എന്ന അക്ഷരത്തോടൊപ്പം യു.എ.ഇ ദേശീയ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രണ്ട് തിരശ്ചീന രേഖകൾ ചേർത്താണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.