‘മുഖവും ശബ്ദവും കണ്ടാൽ മാത്രം വിശ്വസിക്കരുത്’; ‘ഡീപ്​ഫേക്ക്’ തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് ദുബൈ ഇമിഗ്രേഷൻ

ദുബൈ: സമൂഹമാധ്യമങ്ങളിൽ കാണുന്ന വീഡിയോയും കേൾക്കുന്ന ശബ്ദവും യഥാർഥമാണെന്ന് തോന്നിയാലും ഉറവിടം പരിശോധിക്കാതെ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളെ ഓർമിപ്പിച്ച് ദുബൈ ഇമിഗ്രേഷൻ വകുപ്പ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് യഥാർഥമെന്ന് തോന്നിക്കുന്ന വ്യാജ ദൃശ്യങ്ങളും ശബ്ദങ്ങളും സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ‘ഡീപ്പ്ഫേക്ക്’- അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിച്ച് ജി.ഡി.ആർ.എഫ്.എ- ദുബൈ സോഷ്യൽ മീഡിയയിൽ പ്രത്യേക വീഡിയോ പങ്കുവെച്ചത്.

ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥൻ തന്നെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് എ.ഐയുടെ സാധ്യതകൾ പ്രായോഗികമായി കാണിച്ചുകൊണ്ടാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്. സ്വന്തം ശബ്ദവും സംസാരിക്കുന്ന ഭാഷയും ദൃശ്യ പശ്ചാത്തലവും വ്യത്യസ്ത രീതികളിലേക്ക് മാറ്റിക്കാണിച്ച്, യഥാർഥമെന്ന് തോന്നുന്ന വീഡിയോ എളുപ്പത്തിൽ കൃത്രിമമായി സൃഷ്ടിക്കാമെന്ന് അദ്ദേഹം ബോധ്യപ്പെടുത്തുന്നു.

ഒരാൾ യഥാർഥത്തിൽ പറയാത്ത കാര്യങ്ങൾ അയാളുടെ തന്നെ ശബ്ദത്തിലും സംസാരശൈലിയിലും പറഞ്ഞതായി ചിത്രീകരിക്കാനും, ഇല്ലാത്ത സ്ഥലത്ത് നിൽക്കുന്നതായി ദൃശ്യങ്ങൾ സൃഷ്ടിക്കാനും ഇത്തരം സാങ്കേതികവിദ്യയിലൂടെ സാധിക്കും. ഇതേ രീതി ദുരുപയോഗം ചെയ്ത് പ്രമുഖ വ്യക്തികളുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ സ്ഥാപന പ്രതിനിധികളുടെയോ മുഖവും ശബ്ദവും ഉപയോഗിച്ച് അവർ തന്നെയാണ് സന്ദേശമോ അറിയിപ്പോ നൽകുന്നതെന്ന് തെറ്റിദ്ധരിപ്പിക്കാനും കഴിയും. പരിചിതമായ മുഖവും ശബ്ദവും കാണുമ്പോൾ വിശ്വസിക്കുന്ന ആളുകളുടെ സ്വാഭാവിക പ്രവണതയാണ് ഇത്തരം തട്ടിപ്പുകളിൽ ദുരുപയോഗം ചെയ്യപ്പെടുന്നത്.

ഇത്തരത്തിൽ വിശ്വാസം നേടിയെടുത്ത ശേഷം വ്യാജ വെബ്‌സൈറ്റുകളിലേക്കോ ലിങ്കുകളിലേക്കോ നയിച്ച് വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും കൈക്കലാക്കാനും സാമ്പത്തിക തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ട്. അതിനാൽ, വീഡിയോയിൽ കാണുന്ന വ്യക്തിയെയോ കേൾക്കുന്ന ശബ്ദത്തെയോ മാത്രം അടിസ്ഥാനമാക്കി സന്ദേശത്തിന്‍റെ ആധികാരികത തീരുമാനിക്കരുതെന്നാണ് ജി.ഡി.ആർ.എഫ്.എയുടെ മുന്നറിയിപ്പ്​.

കാണുന്നതും കേൾക്കുന്നതും മാത്രം വിശ്വസിക്കരുത്-ആദ്യം ഉറവിടം പരിശോധിക്കുക. വീഡിയോ, ശബ്ദസന്ദേശം, അറിയിപ്പ്, വാർത്ത, വെബ്‌സൈറ്റ് ലിങ്ക് എന്നിവ ലഭിക്കുമ്പോൾ ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ അംഗീകൃത സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയോ വിവരം സ്ഥിരീകരിച്ചശേഷം മാത്രം പ്രതികരിക്കുകയും പങ്കുവെക്കുകയും ചെയ്യണമെന്ന് ജി.ഡി.ആർ.എഫ്.എ പൊതുജനങ്ങളെ ഓർമിപ്പിക്കുന്നു.

Tags:    
News Summary - Dubai Immigration warns against deepfake scams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.