ഫോൺപേ യു.എ.ഇയിലേക്ക്; രണ്ട് പേയ്മെന്‍റ്​ ലൈസൻസുകൾക്ക് തത്വത്തിൽ അനുമതി

അബൂദബി: ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ്​ കമ്പനിയായ ഫോൺപേ യു.എ.ഇ വിപണി പ്രവേശനത്തിനൊരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി യു.എ.ഇ സെൻട്രൽ ബാങ്കിൽ നിന്ന് രണ്ട് പേയ്മെന്‍റ്​ ലൈസൻസുകൾക്കായി കമ്പനിക്ക് തത്വത്തിലുള്ള അനുമതി ലഭിച്ചു. പ്രാഥമിക റെഗുലേറ്ററി പരിശോധനകൾ പൂർത്തിയായതിനെ തുടർന്നാണ് ഈ സുപ്രധാന നീക്കം.

റീട്ടെയ്ൽ പേയ്മെന്‍റ്​ സർവീസസ് ആൻഡ് കാർഡ് സ്കീംസ് ലൈസൻസ്, സ്റ്റോർഡ് വാല്യൂ ഫെസിലിറ്റീസ് ലൈസൻസ് എന്നിവയാണ് ഫോൺപേയ്ക്ക് ലഭിച്ചിരിക്കുന്നത്. തത്വത്തിലുള്ള അനുമതി ലഭിച്ചെങ്കിലും യു.എ.ഇയിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നിലവിൽ കമ്പനിക്ക് അനുവാദമില്ല. അന്തിമ അനുമതിക്കായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.

അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞാൽ പ്രാദേശിക ബാങ്കുകൾ, ലൈസൻസുള്ള പേയ്മെന്‍റ്​ സർവീസ് പ്രൊവൈഡർമാർ, ലോക്കൽ ടെക്നോളജി കമ്പനികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഫോൺപേയുടെ പദ്ധതി. തങ്ങളുടെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് യു.എ.ഇയുടെ ആഭ്യന്തര പേയ്മെന്‍റ്​ പ്ലാറ്റ്‌ഫോമുകളായ ‘ആനി’, ‘ജയ്‌വാൻ’ എന്നിവയെ പിന്തുണക്കാനുള്ള അവസരങ്ങളും കമ്പനി പരിശോധിക്കുന്നുണ്ട്.

ഇന്ത്യയിൽ 70 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും അഞ്ചുകോടി വ്യാപാരികളും തങ്ങളുടെ പ്ലാറ്റ്‌ഫോമിനുണ്ടെന്ന് ഫോൺപേ അവകാശപ്പെടുന്നു. യു.എ.ഇയുടെ നയങ്ങൾ തങ്ങളുടെ അന്താരാഷ്ട്ര യാത്രക്ക്​ അനുയോജ്യമായ പശ്ചാത്തലമാണെന്ന് ഫോൺപേ ഇന്‍റർനാഷനൽ പേയ്മെന്‍റ്​സ്​ സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റിതേഷ് പായ് വ്യക്തമാക്കി.

Tags:    
News Summary - PhonePe enters UAE two payment licenses approved in principle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.