ചികിത്സ പിഴവിൽ സ്ഥിരവൈകല്യം; യുവാവിന് 10 ലക്ഷം ദിർഹം നഷ്ടപരിഹാരം
ദുബൈ: ചികിത്സപിഴവ് മൂലം സ്ഥിര വൈകല്യം സംഭവിച്ച കേസിൽ യുവാവിന് 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന സിവിൽ കോടതി വിധി ശരിവെച്ച് ദുബൈ സുപ്രിം കോടതി. 2021 ഡിസംബറിൽ ആണ് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി രോഗി ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
ശാസ്ത്രക്രിയക്കിടെയുണ്ടായ പിഴവ് മൂലം സ്വയം നടക്കാൻ പോലും കഴിയാത്ത രീതിയിൽ സ്ഥിരവൈകല്യം സംഭവിക്കുകയായിരുന്നു. ഇതിനെതിരെ 20 ലക്ഷം ദശലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആശുപത്രിക്കെതിരെ സിവിൽ കോടതിയിൽ യുവാവ് കേസ് നൽകി. ചികിത്സ ഫീസിനത്തിൽ 3.12 ലക്ഷം രോഗിയിൽ നിന്ന് ലഭിക്കാനുണ്ടെന്ന് കാണിച്ച് ആശുപത്രി എതിർ പരാതിയും സമർപ്പിച്ചു.
ആശുപത്രിയുടെ പരാതി തള്ളിയ കോടതി രോഗിക്ക് 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. എന്നാൽ, നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് കാണിച്ച് രോഗിയും സിവിൽ കോടതി വിധി ചോദ്യം ചെയ്ത് ആശുപത്രിയും ദുബൈ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. കീഴ്കോടതി വിധി പരിശോധിച്ച അപ്പീൽ കോടതി രണ്ട് പേരുടെയും അപ്പീലുകൾ തള്ളുകയും 10 ലക്ഷം ദിർഹം രോഗിക്ക് നൽകണമെന്ന സിവിൽ കോടതി വിധി ശരിവെക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.