ഷാർജ: വേർതിരിച്ചെടുക്കാവുന്നതും അല്ലാത്തതുമായ പ്രകൃതി വിഭവങ്ങളുടെ കോർപറേറ്റ് നികുതി സംബന്ധിച്ച ബില്ലിന് ഷാർജ കൺസൾട്ടേറ്റിവ് കൗൺസിൽ അംഗീകാരം നൽകി. പതിനൊന്നാം നിയമസഭ ടേമിന്റെ രണ്ടാം പതിവ് സമ്മേളനത്തിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജയിലെ ആസ്ഥാനത്ത് ചേർന്ന കൗൺസിലിന്റെ ഏഴാം യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. യു.എ.ഇയിൽ ആദ്യമായാണ് ഇത്തരമൊരു ബില്ലിന് അംഗീകാരം ലഭിക്കുന്നത്.
ധാതുലവണങ്ങളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടെ പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുന്നതിലും അവ ഉപയോഗിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികൾക്ക് നികുതി ചുമത്തുന്നത് നിയന്ത്രിക്കുകയാണ് കരട് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
ഷാർജയിലെ നികുതി സമ്പ്രദായം വികസിപ്പിക്കുന്നതിനും കാര്യക്ഷമമായ ഭരണം ഉറപ്പാക്കുന്നതിനും നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് കരട് നിയമമെന്ന് ഷാർജ ധനകാര്യ വകുപ്പ് ഡയറക്ടർ ശൈഖ് റാശിദ് ബിൻ സഖർ അൽ ഖാസിമി വിശദീകരിച്ചു. പ്രകൃതി വിഭവങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തങ്ങളെ നിയന്ത്രിക്കാനുള്ള സമഗ്രമായ നിയമ ചട്ടക്കൂട് നിർമിക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ നിയമ ചട്ടക്കൂട് എമിറേറ്റിലെ വികസന പദ്ധതികളെ പിന്തുണക്കുന്നതിനായുള്ള പൊതു വരുമാനം വർധിപ്പിക്കും. കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല ബെൽഹൈഫ് അൽ നുഐമി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.