ഓൺലൈൻ വ്യാപാരത്തിൽ വൻ പുരോഗതി
ദുബൈ: യു.എ.ഇയിൽ ഉപഭോക്താക്കൾ കോവിഡിന് മുമ്പുള്ള അവസ്ഥയിലേതിന് സമാനമായി പണം ചെലവഴിക്കൽ ആരംഭിച്ചതോടെ സാമ്പത്തിക രംഗത്ത് വളർച്ച. കോവിഡ് വ്യാപനം കുറയുകയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം സാധരണ നിലയിലാവുകയും ചെയ്തതിനുശേഷം ഘട്ടംഘട്ടമായാണ് ചെറുകിട മേഖലയിൽ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. റീട്ടെയിൽ സാമ്പത്തിക രംഗത്ത് ഈ വർഷം ആദ്യ മൂന്നുമാസത്തേക്കാൾ നാലുശതമാനം വളർച്ച പിന്നീടുള്ള മൂന്നു മാസങ്ങളിൽ രേഖപ്പെടുത്തി. സാമ്പത്തിക മേഖല സാധാരണ നിലയിലാകുന്നതിന്, കോവിഡിനെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നടപടികളും വാക്സിനേഷനും സഹായിച്ചിട്ടുണ്ടെന്നും മാജിദ് അൽ ഫുത്തൈം യു.എ.ഇ റീട്ടെയ്ൽ ഇക്കോണമി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഓൺലൈൻ രംഗത്തെ വ്യാപാരം വലിയരീതിയിൽ വളർച്ച കൈവരിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം ആദ്യ മൂന്നു മാസത്തേക്കാൾ 17ശതമാനം വളർച്ചയാണ് പിന്നീട് ഉണ്ടായത്. 2019 ആദ്യ ആറുമാസങ്ങളിലെ ഉപഭോക്തൃ ചെലവഴിക്കലിനെ അപേക്ഷിച്ച് 2021ലെ ചെലവഴിക്കൽ മൂന്നു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വിനോദ മേഖലയിലെ ചെലവഴിക്കലിലാണ് ഏറ്റവും കൂടുതൽ കുറവ് കോവിഡ് കാലത്തുണ്ടായത്. ഫാഷൻ, ഹൈപ്പർ/സൂപ്പർ മാർക്കറ്റ് മേഖലയിലും ആഘാതം ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടയിൽ യു.എ.ഇ റീട്ടെയിൽ മേഖലയിലുടനീളം പോസിറ്റിവ് പ്രവണതകൾ ദൃശ്യമാണെന്നും ചില മേഖലകളിൽ മഹാമാരിക്ക് മുമ്പുള്ള തലത്തിലേക്ക് മടങ്ങുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായും റിപ്പോർട്ട് പുറത്തുവിട്ട മാജിദ് അൽ ഫുത്തൈം ഹോൾഡിങ് സി.ഇ.ഒ അലൈൻ ബെജ്ജാനി പറഞ്ഞു. യു.എ.ഇ സർക്കാറും വിവിധ പ്രാദേശിക അധികൃതരും വാക്സിനേഷൻ വേഗത്തിലാക്കുന്നതിന് നടത്തിയ ശ്രമങ്ങൾ ഇതിന് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂറിസം മേഖലയിലും പതിയെ മുന്നേറ്റം ഉണ്ടാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും, എത്തുന്നവർ കൂടുതൽ കാലം തുടരുന്നതാണ് കാണിക്കുന്നതെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.