റാസല്‍ഖൈമ: എമിറേറ്റിലെ ആദ്യ ആഡംബര ഗ്രേഡ് എ ഓഫീസ് സമുച്ചയമായ റാസല്‍ഖൈമ സെന്‍ട്രല്‍ സ്ക്വയര്‍ അടുത്ത വര്‍ഷം നാലാം പാദത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍. അഞ്ച് കെട്ടിടങ്ങളിലായി 22.7 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ഉയര്‍ന്ന നിലവാരമുള്ള ഓഫീസ് സൗകര്യങ്ങളാണ് പദ്ധതിയിലുള്ളത്. ആഗോള സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ആധുനിക സംവിധാനങ്ങളോട് കൂടിയ വിശാലമായ ഓഫീസ് ഫ്ളോറുകളാണ് റാക് സെന്‍ട്രലിന്‍റെ പ്രത്യേകത.
റാസല്‍ഖൈമയില്‍ പ്രീമിയം ഗ്രേഡ് എ ഓഫീസ് സ്പേസിന് പ്രാദേശിക-അന്താരാഷ്ട്ര കമ്പനികളുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് പദ്ധതിയുടെ അവസാനഘട്ട നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാണെന്ന് മര്‍ജാന്‍ ഗ്രൂപ്പ് സി.ഇ.ഒ അബ്ദുല്ല അല്‍ അബ്ദുലി പറഞ്ഞു. റാസല്‍ഖൈമയുടെ ഭാവി വികസന കാഴ്ച്ചപ്പാടിന്‍റെ പ്രതീകമാണ് റാക് സെന്‍ട്രല്‍ സ്ക്വയര്‍. ഓഫീസ് സമുച്ചയങ്ങള്‍ക്കൊപ്പം താമസ സൗകര്യങ്ങള്‍, ഹോട്ടലുകള്‍, റീട്ടെയില്‍ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വികസന മേഖലയായി ഇത് മാറും. റാഡിസണ്‍ ബ്ളൂ ഹോട്ടല്‍, റാഡിസണ്‍ ബ്ളൂ റെസിഡന്‍സ്, വണ്‍ റാക് സെന്‍ട്രല്‍, കൊളിബ്രി വ്യൂസ്, ജൂന തുടങ്ങി നിരവധി പുതിയ പദ്ധതികളും ഇതോടനുബന്ധിച്ച് പ്രഖ്യാപിച്ചതായും അബ്ദുല്‍ അലി വ്യക്തമാക്കി.
ഒട്ടേറെ അന്താരാഷ്ട്ര കമ്പനികള്‍ റാസല്‍ഖൈമയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പദ്ധതികള്‍ നിക്ഷേപ വളര്‍ച്ചക്കും സാമ്പത്തിക പുരോഗതിക്കും നിര്‍ണായകമാകുമെന്ന് റാക് ഇക്കണോമിക് സോണ്‍ (റാകിസ്) ഗ്രൂപ്പ് സി.ഇ.ഒ റാമി ജല്ലാദ് അഭിപ്രായപ്പെട്ടു. അല്‍ ഹംറ ഗോള്‍ഫ് ക്ളബ്, അല്‍ഹംറ മാള്‍, റിറ്റ്സ് കാള്‍ട്ടണ്‍, അല്‍ഹംറ ബീച്ച്, വിന്‍ അല്‍ മര്‍ജാന്‍ ഐലന്‍റ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് റാക് സെന്‍ട്രലില്‍ നിന്ന് നേരിട്ട് പ്രവേശിക്കാനാകും. റാക്, ദുബൈ വിമാനത്താവളങ്ങളിലേക്ക് മികച്ച ഗതാഗത കണക്ടിവിറ്റിയും പദ്ധതിക്കുണ്ട്. 2030ഓടെ പ്രതിവര്‍ഷം 35 ലക്ഷം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന റാസല്‍ഖൈമയുടെ ദീര്‍ഘകാല വിനോദ-സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് പദ്ധതി സഹായിക്കും. ശൈഖ് മുഹമ്മദ് ബിന്‍ സാലിം അല്‍ ഖാസിമി സ്ട്രീറ്റില്‍ നിര്‍മാണം പുരോഗമിക്കുന്ന റാക് സെന്‍ട്രല്‍ സ്ക്വയറില്‍ നിന്ന് അല്‍ ഹംറ ഗോള്‍ഫ് ക്ളബിന്‍റെയും അറേബ്യന്‍ ഗള്‍ഫിന്‍റെയും മനോഹരമായ കാഴ്ചകള്‍ അനുഭവഭേദ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.