കുവൈത്ത് സിറ്റി: കേരളത്തിൽ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം നടപ്പാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ ആരംഭിച്ചതാടെ പ്രവാസി വോട്ടർമാരിൽ ആശങ്ക. എസ്.ഐ.ആര് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ നാട്ടിൽ ഇല്ലാത്തത് പ്രവാസി വോട്ടർമാർക്ക് തിരിച്ചടിയാകും. വോട്ടർമാരുടെ വീട് സന്ദർശിക്കുന്ന ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) വോട്ടർമാരെ ഉറപ്പുവരുത്തി രേഖകളും ഫോറങ്ങളും പരിശോധിച്ച് പൂർത്തിയാക്കുന്ന സമഗ്രമായ പുനരവലോകന പ്രക്രിയയാണ് എസ്.ഐ.ആര്.
തുടർന്ന് നിയമസഭാ മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ള ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ കരടു വോട്ടർപട്ടിക തയാറാക്കും. കൂടുതൽ രേഖ ആവശ്യമുള്ളവർക്ക് ഇവർ നോട്ടീസ് അയക്കും. പിന്നീട് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയിൽ പരാതിയുണ്ടെങ്കിൽ ജില്ല കലക്ടർക്ക് അപ്പീൽ നൽകാം. പരിഹാരമായില്ലെങ്കിൽ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണറെ സമീപിക്കാം.
വിദേശത്തുള്ളവർക്ക് ഈ പ്രക്രിയയിൽ എല്ലാം നേരിട്ട് ഇടപെടൽ അപ്രായോഗികമാണ്. ഇതുമായി ബന്ധപ്പെട്ട നോട്ടീസുകളോ അറിയിപ്പുകളോ സമയബന്ധിതമായി കൈപ്പറ്റാനും കഴിയില്ല. കുടുംബത്തോടെ വിദേശത്ത് കഴിയുന്ന നിരവധി പ്രവാസികളും ഉണ്ട്. പലരുടെയും നാട്ടിലെ വിലാസവും മാറാനും ഇടയുണ്ട്. പഴയ സഥലത്ത് വോട്ടും പുതിയ സഥലത്ത് താമസവുമുള്ള എത്രയോ പ്രവാസികൾ ഉണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാർഡ് പുതുക്കാത്തവരും ഉണ്ട്. ഇതോടെ നടപടികൾ പൂർത്തിയാക്കാത്ത പ്രവാസി വോട്ടർമാർ പൂർണമായ വെട്ടിനിരത്തലിന് ഇരയാകുമോ എന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.