മരുഭൂമിയിൽ വിഹരിക്കുന്ന അറേബ്യൻ ഓറിക്‌സുകൾ

അറേബ്യൻ ഓറിക്‌സുകളുടെ വംശവർധനക്ക് സമഗ്ര പദ്ധതി

അബൂദബി: പശ്ചിമ അബൂദബി മേഖലയിലെ മരുഭൂമികളിൽ അറേബ്യൻ ഓറിക്‌സുകളുടെ (വളവില്ലാതെ നീണ്ടു കുത്തനെയുള്ള കൊമ്പോടുകൂടിയ മാൻ വർഗത്തിൽ പെടുന്ന ജീവി) എണ്ണം വർധിപ്പിക്കാൻ പരിസ്ഥിതി ഏജൻസിയുടെ ആഭിമുഖ്യത്തിൽ സമഗ്ര പദ്ധതി.

അൽ ദഫ്ര മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് നൂറംഗ അറേബ്യൻ ഓറിക്‌സ് സംഘത്തെ മരുഭൂമിയിൽ സൈര്വവിഹാരത്തിന് തുറന്നുവിട്ടു. മൊത്തം 774 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ശേഖരഭൂമിയിൽ ഘട്ടം ഘട്ടമായി വിക്ഷേപിക്കുന്ന അറേബ്യൻ ഒാറിക്‌സുകളിൽ ആദ്യത്തെ നൂറംഗ ഗ്രൂപ്പിനെയണ് കഴിഞ്ഞ ദിവസം തുറന്നുവിട്ടത്.

അറേബ്യൻ ഓറിക്‌സ് പുനരധിവാസത്തോടൊപ്പം അവയുടെ എണ്ണം വർധിപ്പിക്കുന്നതിനുമുള്ള സുപ്രധാന പരിപാടിയാണിത്. അബൂദബി പരിസ്ഥിതി ഏജൻസിയുടെ മേൽനോട്ടത്തിൽ അറേബ്യൻ ഓറിക്‌സി​െൻറ പുനരധിവാസത്തിനായുള്ള ശൈഖ് മുഹമ്മദ് ബിൻ സായിദ് പരിപാടിയുടെ ഭാഗമാണിത്. അറേബ്യൻ ഒാറിക്‌സിനെ സ്വാഭാവികമായ ആവാസ വ്യവസ്ഥകളിൽ സ്വതന്ത്രമായി വിഹരിക്കാനും വളരാനും കഴിയുംവിധം ദീർഘകാല സംരക്ഷണം ലക്ഷ്യമാക്കിയുള്ളതാണ് പദ്ധതി.

അബൂദബി എമിറേറ്റിലെ മരുഭൂമിക്കുള്ളിൽ വന്യമൃഗങ്ങളെയും വംശനാശഭീഷണി നേരിടുന്ന ജീവികളെയും സംരക്ഷിക്കാനുള്ള ശ്രമത്തി​െൻറ ഭാഗമായി അബൂദബി പരിസ്ഥിതി അതോറിറ്റി ചെയർമാനും അബൂദബി ഭരണാധികാരിയുടെ അൽ ദഫ്ര മേഖല പ്രതിനിധിയുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാ​െൻറ നിർദേശപ്രകാരമാണ് അറേബ്യൻ ഓറിക്‌സിനെ സ്വയം വിഹരിക്കാനുള്ള അവസരമൊരുക്കുന്നത്.

അന്തരിച്ച യു.എ.ഇ രാഷ്​ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ അറേബ്യൻ ഓറിക്‌സിനെ സംരക്ഷിക്കാനും പുനരധിവാസത്തിനുമുള്ള ശ്രമങ്ങൾ 1968ലാണ് അൽഐനിൽ ആരംഭിച്ചത്. വംശനാശത്തിൽനിന്ന് ഇവയെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് 2007ൽ തുടർ പരിപാടി ആവിഷ്‌കരിച്ചു.

ശൈഖ് മുഹമ്മദ് ബിൻ സായിദ് ആവിഷ്‌കരിച്ച അറേബ്യൻ ഒാറിക്‌സ് പുനരധിവാസപദ്ധതിയുടെ ചട്ടക്കൂടിനുള്ളിലാണിതെന്ന് അബൂദബിയിലെ പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ശൈഖ സാലം അൽ ദാഹിരി പറഞ്ഞു. ഇന്ന് അയ്യായിരത്തോളം അറേബ്യൻ ഓറിക്‌സുകൾ അബൂദബി എമിറേറ്റ് അതിർത്തിക്കുള്ളിൽ സ്വതന്ത്രമായി ജീവിക്കുന്നുണ്ട്.

പദ്ധതി ലോകത്തിലെ ഏറ്റവും വിജയകരമായ ജീവികളുടെ സംരക്ഷണ പരിപാടികളിലൊന്നാണ്.യു.എ.ഇയിൽ ഈ മൃഗങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ അറേബ്യൻ ഒാറിക്‌സ് ആവാസ കേന്ദ്രമാണിപ്പോൾ അബൂദബി എമിറേറ്റെന്നാണ് വിലയിരുത്തുന്നത്. അറേബ്യൻ ഒാറിക്‌സ് പുനരധിവാസം ഒമാനിലേക്കും ജോർഡനിലേക്കും വ്യാപിച്ചു. വെളുത്ത് മിനുത്ത ദേഹത്തോടെ കണ്ടുവരുന്ന ഈ മാനുകൾ 1970കളുടെ തുടക്കത്തിൽ വന്യമേഖലകളിൽ നിന്ന് പൂർണമായും വംശനാശം നേരിട്ടിരുന്നു.

ഏതാനും സ്വകാര്യ വന്യമൃഗസങ്കേതങ്ങളിലും മൃഗശാലകളിലും മാത്രം ബാക്കിയായ ഓറിക്‌സുകൾ പരിസ്ഥിതി പ്രവർത്തകരുടെയും സംഘടനകളുടെയും ശ്രമഫലമായി വന്യതയിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. ഇന്നും വംശനാശഭീഷണിയിൽ നിന്ന് മുക്തമായ വന്യജീവി വിഭാഗമല്ല അറേബ്യൻ ഓറിക്‌സ്.

അറേബ്യൻ ഓറിക്‌സുകൾക്ക് അവയുടെ വംശവർധനവിനായി പൗരാണിക മേച്ചിലിടങ്ങളിൽ വലിയ സംരക്ഷിത മേഖലകൾ ഒരുക്കാനും ആരോഗ്യപരമായ കൂട്ടങ്ങൾ ഉണ്ടാകുക എന്നതിന് 2007 മുതൽ പ്രവർത്തിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് അറേബ്യൻ ഓറിക്‌സ് റീഇൻട്രൊഡക്​ഷൻ പ്രോഗ്രാമി​െൻറ ഭാഗമാണ് ഈ പദ്ധതിയെന്നും അബൂദബി പരിസ്ഥിതി ഏജൻസി അധികൃതർ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.