കമോൺ കേരള സ്റ്റാളുകളിലെ സന്ദർശകർ
ഷാർജ: ഇന്തോ-അറബ് സ്നേഹ സൗഹൃദത്തിന്റെ നേർസാക്ഷിയായി മാറിയ ഗൾഫ് മാധ്യമം കമോൺ കേരളയുടെ ആദ്യദിനം സന്ദർശകരുടെ കുത്തൊഴുക്ക്. മേയ് മാസത്തെ കനത്ത ചൂടിനെ വകവെക്കാതെ ഏഴ് എമിറേറ്റുകളിൽനിന്നും പ്രവാസലോകം ഷാർജ എക്സ്പോ സെന്ററുകളിലേക്ക് അണമുറിയാതെ വന്നെത്തി. രാവിലെ 10ന് ആരംഭിച്ച ‘ലിറ്റിൽ ആർട്ടിസ്റ്റ്’ ചിത്രരചന മത്സരങ്ങളിൽ പങ്കെടുക്കാനായി കുട്ടികളുമായി രക്ഷിതാക്കളുടെ നീണ്ട വരിതന്നെ ദൃശ്യമായിരുന്നു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾക്ക് വൻ സന്നാഹമാണ് സംഘാടകർ ഒരുക്കിയിരുന്നത്. ശനി, ഞായർ ദിവസങ്ങളിലും ‘ലിറ്റിൽ ആർട്ടിസ്റ്റ്’ മത്സരം തുടരും.
ഷാർജ എക്സ്പോ സെന്ററിൽ കമോൺ കേരള ഏഴാം എഡിഷന്റെ ഉദ്ഘാടനം ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസി നിർവഹിക്കുന്നു. മീഡിയ ഡിപാർട്മെന്റ് ഡയറക്ടർ ജമാൽ സഈദ് ബുസിൻജാൽ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ്, ഒ- ഗോൾഡ് ചെയർമാൻ ബന്ദർ അൽ ഉസ്മാൻ, ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ പി. മുഹമ്മദ് ഫസീം, സ്മാർട്ട് ട്രാവൽ ഗ്രൂപ് ചെയർമാൻ അഫി അഹമ്മദ്, ഗോ കൈറ്റ് ടൂർസ് ഫൗണ്ടർ സെയ്ദ് അമീൻ പി.ടി, മാധ്യമം ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ് തുടങ്ങിയവർ സമീപം
വൈകീട്ട് നടന്ന ‘ഡസർട്ട് മാസ്റ്റർ’ മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ 23 മത്സരാർഥികൾ മാറ്റുരച്ചു. ഫാഷൻ രംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന സുന്ദരികളും സുന്ദരന്മാരുമായ കൊച്ചു കൂട്ടുകാർക്ക് ഫാഷൻ റാംപിൽ തിളങ്ങാനും ഒപ്പം കൈനിറയെ സമ്മാനം നേടാനും അവസരം നൽകുന്ന ഫാഷൻ ഷോ മത്സരം സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നതായിരുന്നു. ഫുഡ് കോർട്ടിന് സമീപത്ത് ഒരുക്കിയ മിനി സ്റ്റേജിൽ കളിചിരികളും ‘ചളിക’ളുമായി കളം നിറഞ്ഞ എ.ഐ മച്ചാൻസ് സന്ദർശകരുടെ മനം നിറച്ചു. ഷാർജ എക്സ്പോ സെന്ററിനെ ദം ബിരിയാണിയുടെ രുചിയൂറും മണം കൊണ്ട് നിറച്ചാണ് ദംദം ബിരിയാണി മത്സരം അരങ്ങേറിയത്.
ആദ്യദിനം തെരഞ്ഞെടുത്ത 50 പേരാണ് മത്സരിച്ചത്. ശനിയാഴ്ചയും മത്സരം തുടരും. സെമിഫൈനലിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കമോൺ കേരളക്ക് ശേഷം നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം. മത്സരങ്ങളുടെ താളം ഒരുഭാഗത്ത് മുറുകുമ്പോൾ ചിലർക്ക് പ്രവാസത്തിന്റെ തിരക്കിൽ അറ്റുപോയ സൗഹൃദ ബന്ധങ്ങൾ കൂട്ടിയിണക്കാനുള്ള വേദികൂടിയായി കേമോൺ കേരള മാറി. പല ദിക്കുകളിൽനിന്ന് വന്നെത്തിയ പ്രവാസികൾ സൗഹൃദങ്ങൾ പുതുക്കുന്ന കാഴ്ചകൾ മനോഹരമായിരുന്നു. കേരളത്തിന്റെ തനത് രുചികളുമായി ഫുഡ്കോർട്ടും ആദ്യദിനം സജീവമായിരുന്നു. 25ലധികം ഫുഡ് സ്റ്റാളുകളാണ് ഫുഡ് കോർട്ടിൽ സജ്ജമാക്കിയിരുന്നത്.
രാത്രി പ്രധാന വേദിയിൽ നടന്ന ‘സൽമാൻ അലി ലൈവ് ഇൻ യു.എ.ഇ’ എന്ന സംഗീതനിശയിൽ ബോളിവുഡിലെ യുവ ശബ്ദം സൽമാൻ അലിയും കൂട്ടരും നിറഞ്ഞാടി. സൽമാൻ അലിയുടെ യു.എ.ഇയിലെ ആദ്യ ലൈവ് പരിപാടിയായിരുന്നു കമോൺ കേരളയിലേത്. ബോളിവുഡിലെ ഏറ്റവും പുതിയ പാട്ടുകൾക്കൊപ്പം ഹിന്ദുസ്ഥാനി, ഗസൽ പാട്ടുകളും കൂട്ടിയിണക്കി അവതരിപ്പിച്ച സംഗീത വിരുന്ന് സന്ദർശകരുടെ കൈയടി നേടി.
പാട്ടുകൾക്ക് അനുസരിച്ച് താളം പിടിച്ചും നൃത്തമാടിയും സന്ദർശകരും ഒപ്പം കൂടിയതോടെ പരിപാടി വൻ ജോറായി മാറി. രണ്ടാം ദിനമായ ശനിയാഴ്ച ലിറ്റിൽ ആർട്ടിസ്റ്റിനൊപ്പം ദംദം ബിരിയാണി മത്സരം, എ.ഐ മച്ചാൻസ്, ഷെഫ് പിള്ള നയിക്കുന്ന ‘ഷെഫ് മാസ്റ്റർ’, സിനിമ കഥ പറയുന്ന ലൈറ്റ്സ്, ആക്ഷൻ, ക്യാമറ എന്നിവയും അരങ്ങേറും. ആഘോഷ പരിപാടികൾക്കൊപ്പം പയനീർ അവാർഡ്, ഇന്തോ-അറബ് എക്സലൻസ് അവാർഡ് എന്നിവ വിതരണം ചെയ്യും. തുടർന്ന് രാത്രി തെന്നിന്ത്യൻ താരം പ്രിയാ മണി പങ്കെടുക്കുന്ന പരിപാടികളും പ്രധാന വേദിയിൽ അരങ്ങേറും. ഒപ്പം മലയാളത്തിലെ പ്രമുഖ ഗായകരായ കണ്ണൂർ ഷെരീഫ്, അഫ്സൽ എന്നിവർ നയിക്കുന്ന ‘ഇഷ്ഖ്’ സംഗീതനിശ മാപ്പിളപ്പാട്ടിന്റെ പാലാഴി തീർക്കും. സമാപന ദിവസമായ ഞായറാഴ്ചയാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ അതിഥിയായെത്തുന്ന ‘മോഹൻലാൽ ബിയോണ്ട് ബോഡേഴ്സ്’ അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.