കമോൺ കേരളയിൽ സംസാരിക്കുന്ന മോഹൻലാൽ, കമോൺ കേരള സമാപനദിനത്തിൽ നിറഞ്ഞുകവിഞ്ഞ സദസ്സ്
ഷാര്‍ജ: നടന താരകം വിണ്ണിൽനിന്ന് മണ്ണിലേക്ക് ഇറങ്ങിയപ്പോൾ സ്വാഗതമോതി യു.എ.ഇയുടെ സാംസ്കാരിക നഗരി. കമോൺ കേരള സമാപനദിനത്തിൽ അതിഥിയായെത്തിയ നടന വിസ്മയം മോഹൻലാലിനെ സ്വീകരിക്കാനെത്തിയത് പതിനായിരങ്ങൾ. മഹാനടനോടുള്ള സ്നേഹം മാത്രമല്ല, അദ്ദേഹത്തെ നേരില്‍ കാണാനും പങ്കെടുക്കാനും അവസരമൊരുക്കിയ ഗള്‍ഫ് മാധ്യമത്തെ ചേര്‍ത്തുപിടിച്ച പ്രവാസ ലോകത്തിന്റെ കരുതലിനും കൂടിയാണ് ഷാർജ എക്സ്പോ സെന്റർ ഞായറാഴ്ച സാക്ഷിയായത്.
മോഹന്‍ലാലിന്റെ ആഗോള സ്വീകാര്യത അടയാളപ്പെടുത്തുന്ന ‘ബിയോണ്ട് ദി ബൗണ്ടറീസ്’ എന്ന വര്‍ണാഭ പരിപാടിയായിരുന്നു അവസാന ദിവസത്തെ പ്രധാന ആകര്‍ഷണം. ഉച്ചകഴിഞ്ഞതോടെ ഏഴ് എമിറേറ്റുകളില്‍നിന്നും ആയിരക്കണക്കിന് പ്രവാസികളെക്കൊണ്ട് പ്രധാനവേദികള്‍ അടക്കം നിറഞ്ഞിരുന്നു. യു.എ.ഇയില്‍നിന്നും ഇന്ത്യയില്‍ നിന്നുമടക്കം നിരവധി പ്രമുഖര്‍ സാന്നിധ്യം അറിയിച്ച പരിപാടിയില്‍, മോഹന്‍ലാലിന്റെ സിനിമ ജീവിതം സമന്വയിപ്പിച്ച സംഗീതസന്ധ്യയും അവതരിപ്പിച്ചിരുന്നു. വാരാന്ത്യ അവധി ദിനമായതിനാൽ വൻ ജനസാന്നിധ്യം എല്ലാ കമോൺ കേരളയിലും പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണ എല്ലാ റെക്കോഡുകളും മറികടന്നാണ് ജനം ഷാർജ എക്സ്പോ സെന്ററിലേക്ക് ഒഴുകിയത്. ഉച്ചകഴിഞ്ഞതോടെ ഒഴുകിയെത്തിയ ജനസാഗരത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ സംഘാടകർ ഏറെ പണിപ്പെട്ടു. എങ്കിലും ഏറെ സന്തോഷവും നിറയെ സ്നേഹവും കടപ്പാടുമുണ്ട്, ഗള്‍ഫ് മാധ്യമത്തെയും കമോണ്‍ കേരളയെയും ഏറ്റെടുത്ത പ്രവാസ മനസ്സുകളോട്.
കമോണ്‍ കേരളയുടെ മൂന്നു ദിവസങ്ങളിലും ആയിരക്കണക്കിന് കുട്ടികളെ അണിനിരത്തി നടത്തിയ ലിറ്റില്‍ ആര്‍ട്ടിസ്റ്റ് തന്നെയാണ് ഇത്തവണത്തെ സ്റ്റാര്‍ ഓഫ് ദ ഇവന്റ്. ഓരോ ദിവസവും മണിക്കൂറുകളെടുത്താണ് രജിസ്റ്റര്‍ ചെയ്ത ഏഴായിരത്തോളം കുട്ടികള്‍ക്കും അവസരം ഒരുക്കിയത്. രക്ഷിതാക്കളും സംഘാടകരും ഒരേ മനസ്സോടെ പങ്കാളികളായി വിജയിപ്പിച്ച പരിപാടിയായി ലിറ്റില്‍ ആര്‍ട്ടിസ്റ്റ്.
മിനി സ്റ്റേജില്‍ അരങ്ങേറിയ സിങ് ആൻഡ് വിന് സംഗീതപരിപാടിയില്‍ നിരവധി കുട്ടികള്‍ ഗാനങ്ങള്‍ ആലപിച്ചു. മിനി സ്റ്റേജ് സംഗീതാസ്വാദകരാല് നിറഞ്ഞിരുന്നു. മികച്ച ഗായകര്‍ സമ്മാനങ്ങളും നേടിയാണ് കമോണ്‍ കേരള നഗരിയില്‍നിന്ന് മടങ്ങിപ്പോയത്. ഇതിനിടെ നടന്ന ട്രഷര്‍ ഹണ്ടും, എ.ഐ. മച്ചാന്‍സ് ഷോയുമെല്ലാം കാണികളുടെ മനം കവര്‍ന്നു. വൈകീട്ട് നടന്ന ഷീ ട്രാവലേഴ്സ് ടോക്ക് ഷോ, യാത്രകളെ പ്രണയിക്കുന്നവരുടെ സുന്ദരമായ അനുഭവങ്ങളുടെ നേര്‍സാക്ഷ്യമായി. യാത്രാ പ്രേമികളായ നിരവധി പേരാണ് പരിപാടി കേള്‍ക്കാനും അനുഭങ്ങള്‍ പങ്കുവെക്കാനും സംഗമിച്ചത്. ഗള്‍ഫ് മാധ്യമം കമോണ്‍ കേരള ഓരോ വര്‍ഷവും നിറയെ പ്രതീക്ഷകളും പുത്തന്‍ അറിവുകളും സമ്മാനിച്ചാണ് കടന്നുപോകുന്നത്.
പശ്ചിമേഷ്യയിലെ എണ്ണം പറഞ്ഞ വമ്പന്‍ പരിപാടികളില്‍ ഒന്നായി നിലനില്ക്കാനും അതീവ പുതുമകളോടെ ഓരോ വര്‍ഷവും അവിസ്മരണീയമാക്കാനും സാധിക്കുക എന്നത് ലളിതമല്ല തന്നെ. കഠിനാധ്വാനത്തിന്റെയും കാലാനുസൃതമായി പരുവപ്പെടുത്തിയെടുക്കാനും നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ മനുഷ്യാധ്വാനങ്ങള് ഉണ്ടിതിനു പിന്നില്‍. ലക്ഷക്കണക്കിനുപേരെ പങ്കെടുപ്പിച്ച് പ്രവാസത്തിന്റെ വിരസതകളെ മറികടക്കാന്‍ തക്ക ഊര്‍ജമാവും വിധം കമോണ്‍ കേരളയെ എക്കാലവും സജ്ജമാക്കുകയാണ് ഗള്‍ഫ് മാധ്യമം. അതുകൊണ്ടു തന്നെയാണ് പരിപാടിയുടെ ഏഴാം എഡിഷന് ഏറെ വ്യത്യസ്തതയോടെ പ്രവാസലോകത്തിന് സമര്‍പ്പിച്ചതും.
കാലമേറെയായിട്ടും ഇടമുറിയാതെ തുടരുന്ന ഇന്തോ-അറബ് വാണിജ്യ-സാംസ്കാരിക ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതില്‍ ഗള്‍ഫ് മാധ്യമം കമോണ്‍ കേരളക്കുള്ള പങ്ക് അനിഷേധ്യമാണ്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ വീണ്ടുമൊരു കമോണ്‍ കേരള രാജ്യാന്തര മേളക്കു കൊടിയിറങ്ങുമ്പോള്‍ ഒന്നേ പറയാനുള്ളൂ. ജനസാഗരമേ നന്ദി..... തുടരും....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.