യു.എ.ഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ എന്നിവർ യു.എ.ഇ മന്ത്രിമാർക്കൊപ്പം. ചീഫ് സെക്രട്ടറി എ. ജയതിലക്, ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ്കുമാർ ശിവൻ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംസീർ വയലിൽ, ലുലു എക്സേഞ്ച് സി.ഇ.ഒ അദീബ് അഹമ്മദ് എന്നിവർ സമീപം
ദുബൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നുദിവസത്തെ ദുബൈ സന്ദര്‍ശനത്തിന് തുടക്കം. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണചൂടിനിടെയാണ് മുഖ്യമന്ത്രിയും സംഘവും എത്തിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും മുഖ്യമന്ത്രിയുടെ സ്വീകരണപരിപാടിയുടെ ജനറല്‍ കണ്‍വീനറുമായ എന്‍.കെ. കുഞ്ഞഹമ്മദ്, ചെയര്മാന് ഡോ. കെ.പി. ഹുസൈന്, നോര്‍ക്ക ഡയറക്ടര്‍ ഒ.വി. മുസ്തഫ, ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍, ഓര്മ ജനറല്‍ സെക്രട്ടറി ഷിജു ബഷീര്‍, വൈസ് പ്രസിഡന്റ് ജിജിത അനില്‍കുമാര്‍, ലോക കേരളസഭാംഗം രാജന് മാഹി എന്നിവര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.
തുടർന്ന് രാത്രി ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ഒരുക്കിയ അത്താഴവിരുന്നിൽ അദ്ദേഹം പങ്കെടുത്തു. യു.എ.ഇയിലെ ബിസിനസ് പ്രമുഖർ വിരുന്നിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. യു.എ.ഇ മന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി, സാമ്പത്തിക -ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മർറി, വിദേശ വ്യാപാരമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സുയൂദി എന്നിവരുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസ് ഡയറക്ടര്‍ ജനറല്‍ ബദറുല്‍ ഉലമ, വിദേശ വ്യാപാര വകുപ്പ് അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍ ഗര്‍ഗാവി എന്നിവരെയും മുഖ്യമന്ത്രി കണ്ടു.
സാംസ്കാരിക മന്ത്രി സജി ചെറിയാന്, ചീഫ് സെക്രട്ടറി എ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസുഫലി, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്മാന് ഡോ. ഷംസീര്‍ വയലില്‍, ലുലു എക്സ്ചേഞ്ച് സി.ഇ.ഒ അദീബ് അഹമ്മദ്, ഷാരൂണ്‍ ഷംസുദീന്‍ എന്നിവരും കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.തിങ്കളാഴ്ച വൈകീട്ട് ദുബൈ ഖിസൈസിലെ അമിറ്റി സ്കൂളില്‍ നടക്കുന്ന ഓര്മ കേരളോത്സവത്തില്‍ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. ലോക കേരള സഭയും മലയാളം മിഷനും ചേര്‍ന്നാണ് ഓര്‍മയുടെ കേരളോത്സവ വേദിയില്‍ സ്വീകരണം ഒരുക്കുന്നത്. ചൊവ്വാഴ്ച വൈകീട്ടോടെ അദ്ദേഹം നാട്ടിലേക്ക് തിരിക്കും. ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും അബൂദബിയിലും കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.