ചാമ്പ്യൻസ്​ ട്രോഫി ഫൈനൽ; അഭിമാന നിമിഷത്തിന്​ പ്രതീക്ഷയോടെ ഇന്ത്യൻ ആരാധകർ

ദുബൈ: ചാമ്പ്യൻസ്​ ട്രോഫി ക്രിക്കറ്റ്​ മത്സരത്തിന്‍റെ കലാശപ്പോരിൽ ഇന്ത്യ ഇന്ന്​ ദുബൈയിൽ ന്യൂസിലൻഡുമായി ഏറ്റുമുട്ടുമ്പോൾ അഭിമാന നിമിഷത്തിന്​ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്​ ഇന്ത്യൻ ആരാധകർ.

ഇന്ത്യൻ ക്രിക്കറ്റ്​ ടീമിന്‍റെ നിരവധി വിജയങ്ങൾക്ക്​ സാക്ഷ്യംവഹിച്ച മണ്ണായ യു.എ.ഇയിൽ വീണ്ടുമൊരു വിജയ മുഹൂർത്തം പിറക്കുമെന്നാണ്​ മിക്കവരും പ്രതീക്ഷ വെക്കുന്നത്​. മുൻ മത്സരങ്ങളിലെ മികവുറ്റ പ്രകടനം വെച്ചുനോക്കുമ്പോൾ കളി വിദഗ്​ധരും ഇന്ത്യക്ക്​ മുൻകൈ പ്രവചിക്കുന്നുണ്ട്​. ദുബൈയിൽ ഇന്ത്യക്ക്​ ലഭിക്കുന്ന മികച്ച ആരാധക പിന്തുണയും ടീമിന്​ ആത്മവിശ്വാസം പകരുന്ന ഘടകമാണ്​. ദുബൈയിൽ 35ഡിഗ്രി വരെ ചൂടാണ്​ ശനിയാഴ്ച രേഖപ്പെടുത്തിയതെങ്കിലും ഞായറാഴ്ച ചെറിയ മഴക്കൊപ്പം താപനില കുറയാനുള്ള സാഹചര്യം പ്രവചിക്കുന്നുണ്ട്​. എന്നാൽ കളി മുടങ്ങാൻ സാധ്യതയുള്ള മഴ പ്രവചിക്കപ്പെടുന്നില്ല.

മത്സരത്തിന്‍റെ ടിക്കറ്റുകൾ കഴിഞ്ഞ ചൊവ്വാഴ്ച ഒഫീഷ്യൽ വെബ്​സൈറ്റിലൂടെ 40മിനിറ്റിനകമാണ്​ വിറ്റഴിഞ്ഞത്​. യു.എ.ഇ സമയം രാവിലെ 10ന്​ ആരംഭിച്ച വിൽപന 10.40ന്​ അവസാനിക്കുകയായിരുന്നു. സാധാരണ പ്രവേശനത്തിനുള്ള 250ദിർഹമിന്‍റെ ടിക്കറ്റ്​ മുതൽ 12,000 ദിർഹമിന്‍റെ സ്​കൈ ബോക്സ്​ ടിക്കറ്റുകൾ വരെയാണ്​ വിൽപനക്കുണ്ടായിരുന്നത്​. ഇന്ത്യൻ ആരാധകർ തന്നെയാണ്​ വലിയ ശതമാനം ടിക്കറ്റുകളും സ്വന്തമാക്കിയത്​. പ്രത്യേകിച്ച്​ പ്രവാസികളായ ഇന്ത്യക്കാർ വളരെ ആവേശപൂർവമാണ്​ മത്സരം കാത്തിരിക്കുന്നത്​.

ചാമ്പ്യൻസ്ട്രോഫി ക്രിക്കറ്റിലെ ഇന്ത്യൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ​ നേരത്തേയും അതിവേഗത്തിലാണ്​ വിറ്റുപോയത്​. ഇന്ത്യ-പാക്​ മത്സരത്തിന്‍റെ ടിക്കറ്റിനായിരുന്നു കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്​.

വലിയ ആരാധക വൃന്ദം മത്സരം വീക്ഷിക്കാൻ എത്തിച്ചേരുന്ന സാഹചര്യത്തിൽ പഴുതടച്ച മുന്നൊരുക്കങ്ങളാണ്​ ദുബൈ അധികൃതർ ഒരുക്കിയിട്ടുള്ളത്​. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 5000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും തടവ് ശിക്ഷയും വരെ ലഭിക്കുമെന്ന്​ മുന്നറിയിപ്പും നൽകിയിട്ടുണ്ട്​. അനുവാദമില്ലാതെ ​ഗ്രൗണ്ടിലോ മറ്റു ഒഫീഷ്യൽ ഏരിയകളിലോ അതിക്രമിച്ചു കടക്കരുത്, പടക്കങ്ങൾ, അപകടമുണ്ടാക്കുന്ന മറ്റു വസ്തുക്കൾ തുടങ്ങിയവ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരരുത്, സ്റ്റേഡിയത്തിൽ അക്രമങ്ങളോ ആക്ഷേപങ്ങളോ വെല്ലുവിളികളോ പാടില്ല, രാഷ്ട്രീയ പ്രചാരണ പ്രവർത്തനങ്ങൾ പാടില്ല തുടങ്ങിയവയാണ്​ നിർദേശങ്ങളായി പുറപ്പെടുവിച്ചിട്ടുള്ളത്​. കളിക്കാർക്കും ആരാധകർക്കും സുരക്ഷിതവും മികച്ചതുമായ കളിയനുഭവം ഉറപ്പാക്കാൻ എല്ലാ സുരക്ഷ നടപടികളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി(ഇ.എസ്.സി) കഴിഞ്ഞ ദിവസം പ്രസ്താവനയിൽ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ദുബൈ പൊലീസ് ഓഫിസേഴ്‌സ് ക്ലബ്ബിൽ ഓപറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതിയുടെ അധ്യക്ഷതയിൽ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്​ അധികൃതർ യോഗം ​ചേർന്നിരുന്നു.

Tags:    
News Summary - Champions Trophy final; Indian fans look forward to a proud moment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.