അബൂദബി: എമിറേറ്റിലെ വാണിജ്യ, താമസ കെട്ടിടങ്ങളിലെ കേന്ദ്രീകൃത എൽ.പി.ജി. സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആറുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 2800ഓളം കെട്ടിടങ്ങളിൽ അബൂദബി ഊര്‍ജ വകുപ്പ് പരിശോധന നടത്തും.
പാചകവാതക സംവിധാനങ്ങളുടെ ഫലപ്രദമായ പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം ഉടമസ്ഥരില്‍ നിക്ഷിപ്തമായിരിക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നുറപ്പുവരുത്താന് വര്‍ഷത്തിലൊരിക്കൽ പരിശോധന നടത്തണമെന്നാണ് പുതിയ നിയമം. നിയമലംഘനം കണ്ടെത്തിയാല്‍ പിഴ ചുമത്തുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യും.
ജൂലൈയില്‍ ആറുമാസം നീളുന്ന സര്‍വേക്ക് അധികൃതര്‍ തുടക്കമിട്ടിരുന്നു. വിദഗ്ധസംഘം എൽ.പി.ജി കേന്ദ്രീകൃത പാചകവാതക സംവിധാനം പരിശോധിക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പരിശോധന നടത്തുന്നതിന്റെ ഒരാഴ്ച മുമ്പ് കെട്ടിട ഉടമകള്‍ക്കും സ്ഥാപന മാനേജര്‍മാര്‍ക്കും അധികൃതര്‍ നോട്ടീസ് നല്‍കും. കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ നോട്ടീസ് പ്രദര്‍ശിപ്പിച്ച് വാടകക്കാരെ ഇക്കാര്യം അറിയിക്കാനും ഉദ്യോഗസ്ഥരുടെ പരിശോധനാ നടപടികളുമായി അവരെ സഹകരിപ്പിക്കാനുമാണ് ലക്ഷ്യം.
പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് ഒരുവര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. അബൂദബി സാമ്പത്തിക വികസനവകുപ്പ്, കാര്‍ഷിക ഭക്ഷ്യസുരക്ഷാ അതോറിറ്റി, നഗര ഗതാഗത വകുപ്പ്, പൊലീസ്, സിവില്‍ ഡിഫന്‍സ് അതോറിറ്റി, ദുരന്ത നിവാരണ കേന്ദ്രം തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.