ഷാർജ: എമിറേറ്റിലെ ജനങ്ങളുടെ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുന്ന സെൻസസിന് തിങ്കളാഴ്ച തുടക്കമായി. അഞ്ചുമാസം നീണ്ടുനിൽക്കുന്ന കണക്കെടുപ്പിൽ സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന് ഡിപാർട്മെന്റ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡവലപ്മെന്റ്(ഡി.എസ്.സി.ഡി) അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. 2015ലെ സെൻസസിന് ഏഴ് വർഷത്തിന് ശേഷമാണ് സർക്കാർ വിവര ശേഖരണവുമായി രംഗത്തെത്തിയത്.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിലുടെ കാഴ്ചപ്പാട് അനുസരിച്ച് എമിറേറ്റിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ് കണക്കെടുപ്പെന്ന് അധികൃതർ വ്യക്തമാക്കി. 'യൂ കൗണ്ട്' എന്ന തീമിലാണ് ഇത്തവണ സെൻസസ് കാമ്പയിൻ നടക്കുക. തിങ്കളാഴ്ച മുതൽ ഒന്നാം ഘട്ട പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. സംരംഭവുമായി സഹകരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട അധികൃതർ, സെൻസസിൽ പങ്കെടുക്കുന്നതിലൂടെ വിവിധ സർക്കാർ സംവിധാനങ്ങളെ ശാക്തീകരിക്കുകയാണെന്ന് വ്യക്തമാക്കി. സെൻസസിലൂടെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളും ഡാറ്റയും ഷാർജ സർക്കാർ രഹസ്യമായി സൂക്ഷിക്കുമെന്നും അവ പങ്കിടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യില്ലെന്നും ഡി.എസ്.സി.ഡി ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. അടുത്ത വർഷം മാർച്ചിലാണ് സെൻസസ് പൂർത്തിയാക്കി ഉന്നത അധികാരികൾക്ക് സമർപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.