വിദേശത്തുള്ള പ്രവാസി വിദ്യാർഥികൾക്ക് ആപാർ നിർബന്ധമില്ലെന്ന് വ്യക്തമാക്കി സി.ബി.എസ്.ഇ പുറത്തിറക്കിയ സെർക്കുലർ
ദുബൈ: വിദേശ രാജ്യങ്ങളില്‍ നിന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ രജിസ്ട്രേഷന് ആപാർ ഐ.ഡി ആവശ്യമില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. ബുധനാഴ്ച ഇത് സംബന്ധിച്ച സർക്കുലർ ഇന്ത്യയിലെ സെന്‍ട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദേശ രാജ്യങ്ങളിലെ സ്കൂളുകള്‍ക്ക് ഇത് സംബന്ധിച്ച സർക്കുലർ അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് സി.ബി.എസ്.ഇ പ്ലസ് ടു ബോർഡ് പരീക്ഷയുടെ എല്‍.ഒ.സി (ലിസ്റ്റ് ഓഫ് കാന്‍ഡഡേറ്റ്സ്) രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്.
അതത് രാജ്യങ്ങളിലെ നിയമങ്ങൾ മുന്‍നിർത്തി വിദേശത്തുളള സി.ബി.എസ്.ഇ സ്കൂളുകളെ ആപാർ ഐഡി രജിസ്ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കുലറില്‍ സി.ബി.എസ്.ഇ വ്യക്തമാക്കി. ഇന്ത്യയിലെ സ്കൂളുകളിലെ വിദ്യാർഥികള്‍ക്ക് ഏകീകൃത പ്രാഥമിക തിരിച്ചറിയില്‍ രേഖയായി ആപാർ ഐഡി നടപ്പിലാക്കുന്നത് സംബന്ധിച്ച് ജനുവരി 24 നാണ് സി.ബി.എസ്.ഇ സർക്കുലർ ഇറക്കിയത്. ആധാർ കാർഡ് ഉപയോഗിച്ച് മാത്രമേ ആപാറിൽ രജിസ്റ്റർ ചെയ്യാനാവൂ.
എന്നാൽ, പ്രവാസികളായ ഭൂരിഭാഗം വിദ്യാർഥികൾക്കും ആധാർ കാർഡില്ല. കൂടാതെ സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന വിദേശികളായ വിദ്യാർഥികളും ഏറെയാണ്. ഈ സാഹചര്യത്തിൽ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് ആപാർ നമ്പർ ബാധകമാവുമോയെന്നുളള ആശങ്ക വിദ്യാർത്ഥികളും മാതാപിതാക്കളും പങ്കുവച്ചിരുന്നു. അവസാന നിമിഷത്തെ ആശയകുഴപ്പം ഒഴിവാക്കാന്‍ യു.എ.ഇയിലെ സ്കൂളുകള്‍ ആധാറില്ലാത്തവർ എടുത്തുവയ്ക്കണമെന്ന നിർദ്ദേശം വിദ്യാർഥികള്‍ക്ക് നല്‍കുകയും ചെയ്തതോടെ മാതാപിതാക്കള്‍ ആശങ്കയിലായി.
യു.എ.ഇയില്‍ ഉള്‍പ്പടെ ആധാർ എടുക്കാനുളള സൗകര്യമില്ലാത്തതിനാല്‍ ആധാറെടുക്കാനായി മാത്രം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നുളളതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ഇത് വലിയ വാർത്തയായ സാഹചര്യത്തിലാണ് സി.ബി.എസ്.ഇ ബോർഡ് വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. ബോർഡിന്‍റെ തീരുമാനം പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായി. സെപ്റ്റംബർ 30 വരെയാണ് എല്‍.ഒ.സി രജിസ്ട്രേഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.