കാർബൺ ന്യൂട്രാലിറ്റി: യു.എ.ഇക്ക്​ ലോകത്തി​െൻറ അഭിനന്ദനം

ദുബൈ: കാലാവസ്​ഥ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടങ്ങളെ പിന്തുണക്കുന്നതിനായി യു.എ.ഇ പ്രഖ്യാപിച്ച 'നെറ്റ്​ സീറോ 2050'പദ്ധതിക്ക്​ ലോകത്തി​െൻറ അഭിനന്ദനം. വരുന്ന മുപ്പത്​ വർഷത്തിനുള്ളിൽ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ വമ്പൻ പദ്ധതി പ്രഖ്യാപിച്ച ഇമാറാത്തിന്​ ഐക്യരാഷ്​ട്ര സഭയുടേതടക്കം കൈയടിയാണ്​ ലഭിച്ചത്​.

യു.എ.ഇയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ യു.എൻ സെക്രട്ടറി ജനറലി​െൻറ വക്​താവ്​ സ്​റ്റീഫൻ ദുജാറിക്​, മറ്റു രാജ്യങ്ങളോട്​ യു.എ.ഇയെ മാതൃകയാക്കാൻ ആവശ്യപ്പെട്ടു. ഊർജ ഉൽപാദന രംഗത്ത്​ പ്രവർത്തിക്കുന്ന മറ്റു രാജ്യങ്ങൾക്ക്​ മാതൃകയാണ്​ യു.എ.ഇയുടെ പ്രഖ്യാപനമെന്ന്​ യു.എസ്​ സ്​പെഷൽ ക്ലൈമറ്റ്​ പ്രതിനിധി ജോൺ കെറിയും പ്രസ്​താവിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാ​െൻറ പ്രഖ്യാപനം സംബന്ധിച്ച ട്വിറ്റർ പോസ്​റ്റ്​ കെറി പങ്കുവെച്ചിട്ടുമുണ്ട്​.

കാലാവസ്​ഥ വ്യതിയാനം മറികടക്കുന്ന രംഗത്ത്​ യു.എ.ഇയുടെ തീരുമാനം സുപ്രധാന നാഴികക്കല്ലാണെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസണും പ്രതികരിച്ചു.

കാലാവസ്​ഥ വ്യതിയാനം കുറച്ചുകൊണ്ടുവരുന്നതിന്​ പ്രവർത്തിക്കുന്ന വിവിധ ലോ വേദികളും പരിസ്​ഥിതി പ്രവർത്തകരും പ്രഖ്യാപനത്തെ സ്വാഗതം ചെയ്​തിട്ടുണ്ട്​.

2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള വൻ പദ്ധതി​ എക്​സ്​പോ 2020വേദിയിൽ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാ​െൻറ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസമാണ്​ പ്രഖ്യാപിച്ചത്​.

സുപ്രധാനമായ ലക്ഷ്യം നേടുന്നതിനായി രാജ്യത്തെ മുഴുവൻ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും പുനരുൽപാദക ഊർജത്തി​െൻറ പ്രോത്സാഹനത്തിനായി 600ബില്യൻ ദിർഹം വരും വർഷങ്ങളിൽ ചെലവിടുമെന്നും യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്​തിരുന്നു. രാജ്യത്തെ കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രാലയമാണ്​ പദ്ധതി നടപ്പിലാക്കുന്നതിന്​ നേതൃത്വം വഹിക്കുക.

Tags:    
News Summary - Carbon Neutrality: The World Congratulations to the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.