അപകടത്തിൽ മരിച്ച സനോജ്​ മൻസിലിൽ എസ്​.എൻ സനോജ്​ (37), പരപ്പാറ തോളിക്കോട്​ ജസ്ന മൻസിലിൽ ജസീം സുലൈമാൻ (31) എന്നിവർ

ഷാർജയിൽ വാഹനാപകടം: രണ്ട്​ മലയാളികൾ മരിച്ചു; മൂന്ന്​ പേർക്ക്​ പരിക്ക്​

ഷാർജ: മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം ഷാർജയിൽ അപകടത്തിൽപ്പെട്ട്​ രണ്ട്​ പേർ മരിച്ചു. മൂന്ന്​ പേർക്ക്​ പരിക്ക്​. തിരുവനന്തപുരം സ്വദേശികളായ ആര്യനാട്​ പാങ്ങോട്​ പരൻതോട്​ സനോജ്​ മൻസിലിൽ എസ്​.എൻ സനോജ്​ (37), പരപ്പാറ തോളിക്കോട്​ ജസ്ന മൻസിലിൽ ജസീം സുലൈമാൻ (31) എന്നിവരാണ്​ മരിച്ചത്​.

ജസീമിന്‍റെ ഭാര്യ ഷിഫ്​ന ഷീന അബ്​ദുൽ നസീർ, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇവരെ ഷാർജയിലെ അൽ ദൈത്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. ആരുടെയും പരിക്ക്​ ഗുരുതരമല്ലെന്നാണ്​ വിവരം.

ഷാർജയിലെ അൽ ദൈതിൽ ചൊവ്വാഴ്ച അർധരാത്രിയാണ്​ അപകടം. പുതുവത്സര ദിനത്തിൽ യാത്രപോയി തിരികെ വരുന്നതിനിടെ അൽദൈതിൽ വെച്ച്​ റോഡിൽ യുടേൺ എടുക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ്​ സൂചന. അജ്​മാനിലെ ഡ്രീം യൂനിഫോം എന്ന സ്ഥാപനത്തിൽ ജീവനക്കരനാണ്​ മരിച്ച ജസീം. ഇദ്ദേഹത്തിന്‍റെ പിതാവിന്‍റെ സഹോദരി പുത്രിയുടെ ഭർത്താവാണ്​ ഷനോജ്​. ഇരുവരുടെയും മൃതദേഹങ്ങൾ ഷാർജ അൽ ഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

സെയ്​ദ്​ മുഹമ്മദ്​ ഷാജഹാനാണ്​ സനോജിന്‍റെ പിതാവ്​. മാതാവ്​: നൂർജഹാൻ, ഭാര്യ: എൻ.എസ്​ ശബ്​ന സനോജ്​. മക്കൾ: മുഹമ്മദ്​ സയാൻ, സാദിയ ഫർഹത്​, സമീഹ ഫാത്തിമ, സിഹാൻ. ജസീം സുലൈമാന്‍റെ പിതാവ്​ സുലൈമാൻ. മാതാവ്​: റസിയ, ഭാര്യ: ഷിഫ്​ന ഷീന അബ്​ദുൽ നസീർ. മക്കൾ: ഇഷ ഫാത്തിമ, ആദം.

മൃതദേഹങ്ങൾ നാട്ടിലേക്ക്​ കൊണ്ടുപോകാനായി സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശേരിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ചു വരികയാണ്​. അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികളായ വിജയൻ നായർ, ഖാൻ പാറയിൽ, പ്രഭാത്​ നായർ, നവാസ്​ തേക്കട, സുരേഷ്​ കൃഷ്ണ, അഭിലാഷ്​ രത്നാകരൻ എന്നിവരും സഹായങ്ങൾക്കായി രംഗത്തുണ്ട്​.

Tags:    
News Summary - Car accident in Sharjah: Two Malayalis died; Three people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.