ദുബൈ: വിവിധ സമൂഹമാധ്യമങ്ങൾ വഴി മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നതിനെതിരെ സമഗ്ര കാമ്പയിനുമായി അധികൃതർ. ‘അത് തടയാനായി നാം ഒരുമിക്കുക’ എന്ന തലക്കെട്ടിൽ നടക്കുന്ന കാമ്പയിൻ യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാനാണ് പ്രഖ്യാപിച്ചത്. മയക്കുമരുന്നിന്റെ വിപത്തിൽനിന്ന് കുടുംബങ്ങളെയും ഇമാറാത്തി സമൂഹത്തെയും സംരക്ഷിക്കണമെന്ന സന്ദേശം ഉൾപ്പെടുന്ന വിഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
വാട്സ്ആപ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴി നിരവധി മയക്കുമരുന്ന് അനുകൂല സന്ദേശങ്ങൾ സമീപകാലത്തായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാമ്പയിനുമായി അധികൃതർ രംഗത്തെത്തിയത്. നവസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള മയക്കുമരുന്ന് പ്രചാരണത്തിന് തടയിടാൻ നിർമിതബുദ്ധി അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് ഫെഡറൽ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അബ്ദുറഹ്മാൻ അൽ ഉവൈസ് പറഞ്ഞു. ഏതുരൂപത്തിലുള്ള നിയമവിരുദ്ധ സന്ദേശം ലഭിച്ചാലും ബന്ധപ്പെട്ട വകുപ്പുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വാട്സ്ആപ് വഴി മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന നിരവധി പേർ വിവിധ എമിറേറ്റുകളിലായി സമീപകാലത്ത് അറസ്റ്റിലായിട്ടുണ്ട്. ഷാർജ മയക്കുമരുന്ന് വിരുദ്ധ വിഭാഗം 912 കേസുകളാണ് ഇത്തരം സംഭവങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന 124 സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റുകളും പൊലീസ് ബ്ലോക്ക് ചെയ്തതായും ഷാർജ പൊലീസ് അറിയിച്ചിരുന്നു. വേദനസംഹാരികൾ, ഹഷീഷ്, ക്രിസ്റ്റൽമിത്ത്, ഹെറോയിൻ എന്നിവയുൾപ്പെടെ വിവിധ തരം മയക്കുമരുന്നുകൾ വാട്ട്സ്ആപ് വഴി വിൽപന നടത്തുന്നുണ്ട്. ഇന്റർനെറ്റ് വഴി മയക്കുമരുന്ന് വാങ്ങുന്നതും ഡീലർമാർക്ക് ഓൺലൈനായി പണം കൈമാറുന്നതും പൊലീസ് നിരന്തരം നിരീക്ഷിച്ചുവരുകയാണ്. ഇതിനായി ഉപയോഗിക്കുന്ന നമ്പറുകളും വെബ്സൈറ്റുകളും സോഷ്യൽ നെറ്റ്വർക്കുകളും പൊലീസ് ട്രാക്ക് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.